പരീക്ഷാ ചുമതലയിൽ നിന്ന് രക്ഷപ്പെടാൻ രോഗികളായി ചമഞ്ഞ് അധ്യാപകർ; മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചത് നിരവധി പേർ

നാളെ മുതലാണ് സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ആരംഭിക്കുന്നത്

Update: 2025-03-02 02:03 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: പരീക്ഷാ ചുമതലയിൽ നിന്ന് രക്ഷപ്പെടാൻ രോഗികളായി ചമഞ്ഞ് അധ്യാപകർ. ആരോഗ്യപ്രശ്നം മൂലമുള്ള അവധി അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി അധ്യാപകരാണ് ഇത്തവണ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിട്ടുള്ളത്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് KPSTA പൊതു വിദ്യാഭ്യാസ ഡയറക്ടറെ സമീപിച്ചു.

നാളെ മുതലാണ് സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ആരംഭിക്കുന്നത്. ഈ പരീക്ഷകളുടെ ചുമതല വഹിക്കേണ്ട അധ്യാപകരാണ് പല കാരണങ്ങളാൽ ഒഴിഞ്ഞുമാറുന്നത്. പരീക്ഷ നടത്തിപ്പ് - മൂല്യനിർണയ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നും അടിയന്തര കാരണമുള്ളവർ മാത്രമേ മാറിനിൽക്കാൻ പാടുള്ളൂ എന്ന് പലതവണ വിദ്യാഭ്യാസ മന്ത്രി തന്നെ അറിയിച്ചിരുന്നു. എന്നാൽ പലപ്പോഴും അത് നടപ്പിലാവുന്നില്ല.

Advertising
Advertising

ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ തന്നെ പരീക്ഷ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അധ്യാപകർ അധികൃതരെ സമീപിച്ചിട്ടുണ്ട്. പല ഓഫീസുകളിലും ശാരീരിക ബുദ്ധിമുട്ട് സൂചിപ്പിച്ചുകൊണ്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ കുന്നുകൂടി. ഇതോടെ പരീക്ഷ നടത്തിപ്പിൽ പ്രതിസന്ധി ഉണ്ടാകുമെന്നാണ് വകുപ്പിന്റെ ആശങ്ക. താൽക്കാലിക പരിഹാരം എന്നോണം ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിനായി സ്വതന്ത്ര എൽപി, യുപി സ്കൂളുകളിലെ അധ്യാപകരെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. പക്ഷേ ഈ നടപടിയും വിവാദമായി. പഠനോത്സവത്തിന്റെയും പരീക്ഷാ തയ്യാറെടുപ്പിന്റെയും തിരക്കിനിടയിൽ പരീക്ഷാ ഡ്യൂട്ടിക്ക് പ്രൈമറി അധ്യാപകരെ നിയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നിലപാട്.

വർഷങ്ങളായി പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും നിന്ന് മുങ്ങുന്ന അധ്യാപകർ ഉണ്ടെന്ന ആരോപണവും ശക്തമാണ്. ഇക്കാര്യത്തിൽ ഇടപെട്ട് ഓരോ അധ്യാപകർക്കും കൃത്യമായി ചുമതലയിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് കെപിഎസ്ടിഎ പൊതുവിദ്യാഭ്യാസ ഡയറക്ടറെ സമീപിച്ചു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News