പൊതു പരീക്ഷകൾക്കിടയിൽ ഹയർസെക്കൻഡറി അധ്യാപകർക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം
305 അധ്യാപകരെയാണ് സ്ഥലംമാറ്റിയത്
തിരുവനന്തപുരം:പൊതു പരീക്ഷകൾക്കിടയിൽ ഹയർസെക്കൻഡറി അധ്യാപകർക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം. സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലെ 305 അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. പരീക്ഷ ചുമതലയുള്ളവർ പുതിയ സ്കൂളിൽ ചേർന്നശേഷം പരീക്ഷ ഡ്യൂട്ടിക്ക് മടങ്ങിയെത്തണം എന്നാണ് നിർദേശം. സ്ഥലംമാറ്റത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്
കഴിഞ്ഞവർഷത്തെ തസ്തിക നിർണയത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്‍റെ സ്ഥലംമാറ്റ നടപടി. തസ്തിക നിർണയത്തിൽ അധികമായ 207 അധ്യാപകരെയും അവർക്ക് ഒഴിവുകൾ സൃഷ്ടിക്കുന്നതിന് വേണ്ടി 98 അധ്യാപകരെയും സ്ഥലം മാറ്റി. 25ൽ താഴെ കുട്ടികൾ പഠിക്കുന്ന ബാച്ചുകളിലെ അധ്യാപകരെയാണ് മാറ്റിയിരിക്കുന്നത്. സ്ഥലം മാറ്റപ്പെട്ടവരിൽ 135 സീനിയർ അധ്യാപകരും 72 ജൂനിയർ അധ്യാപകരും ഉണ്ട്. ഇതിൽ 102 പേരെ മറ്റു ജില്ലകളിലേക്കാണ് മാറ്റിയിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, കൊമേഴ്സ്, എക്കണോമിക്സ്, ഹിന്ദി എന്നീ വിഷയങ്ങളിൽ ആണ് കൂടുതൽ മാറ്റങ്ങൾ ഉണ്ടായത്. അപ്രതീക്ഷിതമായ നടപടിക്ക് എതിരെ അധ്യാപകർക്ക് ഇടയിൽ നിന്ന് വലിയ പ്രതിഷേധം ഉയരുന്നുണ്ട്. തസ്തിക നിർണയത്തിൽ അശാസ്ത്രീയ ഇടപെടൽ സർക്കാർ നടത്തുന്നു എന്ന ആരോപണം പ്രതിപക്ഷ സംഘടനകൾ ഉന്നയിക്കുന്നു. തസ്തികകൾ റദ്ദ് ചെയ്യാതെയുള്ള സ്ഥലംമാറ്റം നിയമവിരുദ്ധമെന്നാണ് പരാതി.
പരീക്ഷാ കാലത്തുള്ള സ്ഥലംമാറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും അധ്യാപകർക്ക് പരാതിയുണ്ട്. മറ്റു ജില്ലകളിലേക്ക് മാറ്റം കിട്ടിയവർ അവിടെ ജോലിയിൽ ചേർന്നശേഷം പരീക്ഷാ ചുമതലയുള്ള സ്കൂളുകളിലേക്ക് മടങ്ങിയെത്തണം.ഈ അക്കാദമിക വർഷത്തെ തസ്തിക നിർണ്ണയ നടപടികൾ പൂർത്തിയായെങ്കിലും സർക്കാർ കണക്ക് പുറത്തുവിടാത്തതിലും അധ്യാപകർക്ക് അതൃപ്തിയുണ്ട്.