ഖാദർ കമ്മിറ്റി റിപ്പോർട്ട്; രണ്ടാം ഭാഗം പുറത്തുവിടാത്തതില്‍ അതൃപ്തിയുമായി അധ്യാപക സംഘടനകള്‍

റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നിട്ടും പൂര്‍ണരൂപം പ്രസിദ്ധീകരിക്കാത്തതാണ് അധ്യാപക സംഘടനകളെ ചൊടിപ്പിച്ചത്.

Update: 2022-09-29 01:23 GMT

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം പുറത്തു വിടാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് അധ്യാപക സംഘടനകള്‍. റിപ്പോർട്ട്‌ പൊതുചർച്ചയ്ക്ക് സമർപ്പിച്ചുവെന്ന് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുമ്പോഴും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നതിനാല്‍ രണ്ടാം ഭാഗം പുറത്തുവിടുന്നില്ലെന്നാണ് ആരോപണം.

ഡോ. എം.എ ഖാദർ അധ്യക്ഷനായ വിദഗ്ദ്ധ സമിതിയുടെ രണ്ടാം ഘട്ട റിപ്പോര്‍ട്ട് സെപ്തംബർ 22ന് സമർപ്പിച്ചെങ്കിലും ഇതുവരെയും റിപ്പോർട്ടിന്റെ പൂർണ രൂപം പുറത്തുവന്നിട്ടില്ല. സാധാരണഗതിയില്‍ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതും നീണ്ടുപോവുകയാണ്.

Advertising
Advertising

റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നിട്ടും പൂര്‍ണരൂപം പ്രസിദ്ധീകരിക്കാത്തതാണ് അധ്യാപക സംഘടനകളെ ചൊടിപ്പിച്ചത്. അക്കാദമികതലത്തിലെ പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കുന്നതാണ് ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം. ഇതിലെ പല ശിപാര്‍ശകളും വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്ന ഭയമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് വകുപ്പിനെ പിന്നോട്ടുവലിക്കുന്നതെന്ന് അധ്യാപക സംഘടനകള്‍ ആരോപിക്കുന്നു.

പൊതുചര്‍ച്ചക്കായി സമര്‍പ്പിച്ചു എന്ന് വകുപ്പ് അവകാശപ്പെടുന്ന റിപ്പോര്‍ട്ട് എത്രയും വേഗം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം.

നിലവില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ റിപ്പോര്‍ട്ടിലെ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല എന്ന ആരോപണവും ശക്തമാണ്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം 2018 ൽ പ്രസിദ്ധീകരിച്ചപ്പോൾ വലിയ എതിർപ്പുകള്‍ ഉയർന്നിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News