കൊളപ്പാട് ക്ഷേത്രത്തിലെ പാട്ടിനെതിരെ ലീഗുകാർ മുദ്രാവാക്യം വിളിച്ചെന്ന പ്രചാരണം തള്ളി ക്ഷേത്ര കമ്മിറ്റി
ക്ഷേത്രത്തിലെ പാട്ടിനെതിരെ ലീഗുകാർ മുദ്രാവാക്യം വിളിച്ചെന്നത് വ്യാജ പ്രചരണമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ബിജു ഗോപിനാഥ് മീഡിയവണിനോട് പറഞ്ഞു
കോഴിക്കോട്: മലപ്പുറം എടവണ്ണ കൊളപ്പാട് ക്ഷേത്രത്തിലെ പാട്ടിനെതിരെ മുസ്‍ലിം ലീഗുകാർ മുദ്രാവാക്യം വിളിച്ചെന്ന പ്രചാരണം തള്ളി ക്ഷേത്ര കമ്മിറ്റി. ക്ഷേത്രത്തിലെ പാട്ടിനെതിരെ ലീഗുകാർ മുദ്രാവാക്യം വിളിച്ചെന്നത് വ്യാജ പ്രചാരണമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ബിജു ഗോപിനാഥ് മീഡിയവണിനോട് പറഞ്ഞു.
മുദ്രാവാക്യം വിളിച്ചത് കോൺഗ്രസുകാരാണ്. ക്ഷേത്രവും സമീപവാസിയായ നമ്പൂതിരിയും തമ്മിലെ തർക്കമാണ് മുദ്രാവാക്യത്തിന് പിന്നിലെന്നും ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പറഞ്ഞു. മുദ്രാവാക്യം വിളിച്ചത് ലീഗുകാരോ മുസ് ലിംകളോ അല്ലെന്ന് ക്ഷേത്രത്തിലെ പാട്ടിനെതിരെ പരാതി നല്കിയ ജയന്‍ നമ്പൂതിരിയും മീഡിയവണിനോട് പറഞ്ഞു.
എടവണ്ണ പഞ്ചായത്തിലെ കൊളപ്പാട് വാർഡിലെ വിജയത്തിന് ശേഷം കോൺഗ്രസ് പ്രവർത്തകർ നടത്തിയ വിജയാഹ്ളാദത്തിലെ ഈ മുദ്രാവാക്യമാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത്. മലപ്പുറത്ത് മുസ്‍ലിം ലീഗുകാർ ക്ഷേത്രത്തില്‍ പാട്ടു വേണ്ടെന്ന മുദ്രാവാക്യം വിളിക്കുന്നു എന്നായിരുന്നു സംഘപരിവാർ പ്രചരണം. സമീപവാസിയായ ജയന്‍ നമ്പൂതിരിയുമായുള്ള തർക്കമാണ് മുദ്രാവാക്യത്തിന്‍റെ പശ്ചാത്തലമെന്നും ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സൂചിപ്പിക്കുന്നു
മുദ്രാവാക്യം വിളിക്ക് പിന്നില്‍ ലീഗുകാരോ മുസ്‍ലിംകളോ അല്ല. ക്ഷേത്രത്തിന് മുന്നിലല്ല മുദ്രാവാക്യം വിളിയെന്നും ജയന്‍ നമ്പൂതിരി കൂട്ടിച്ചേർത്തു. സംഭവത്തെ വർഗീയ പ്രചാരണമാക്കിയതിന് പിന്നില്‍ പ്രദേശത്തെ ബിജെപി-സിപിഎം പ്രവർത്തകരാണെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സി. എ കരീമും പറഞ്ഞു.