Writer - അൻഫസ് കൊണ്ടോട്ടി
anfas123
മലപ്പുറം: താനൂർ താമിർ ജിഫ്രി വധക്കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതായി സഹോദരൻ. കൊലപാതകം നരഹത്യയാക്കി ഇവർ മാറ്റി. തുടരന്വേഷണത്തിന് കോടതിയെ സമീപിക്കും. എസ്.ഐ ശ്രീജിത്തിന്റെ വെളിപ്പെടുത്തൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന്റെ ഉദാഹരണമെന്ന് ഹാരിസ് ജിഫ്രി മീഡിയവണിനോട് പറഞ്ഞു.
കേസിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ സംരക്ഷിക്കപ്പെട്ടുപോകുന്നതായും താഴെതട്ടിലുള്ള പ്രതികളിലേക്ക് കുറ്റം ചാർത്തുകയാണെന്നും കുടുംബം നേരത്തെ ആക്ഷേപമുന്നയിച്ചിരുന്നു.
'കൊലപാതകം നടത്തിയ ഡാൻസാഫ് ഉദ്യോഗസ്ഥർ ഇപ്പോഴും ജോലിയിലുണ്ട്. ഇവർക്കെതിരെ നിൽക്കുന്നവരെ ചവിട്ടിത്താഴ്ത്തുക എന്ന ലക്ഷ്യമാണ് ഇവർക്കുള്ളത്. എസ്ഐ കൃഷ്ണലാലിന്റെ കാര്യത്തിലും ഇതുണ്ടായി. ഇതിന്റെ ഉദാഹരണമാണ് ശ്രീജിത്തിന്റെ വെളിപ്പെടുത്തൽ.' ഹാരിസ് ജിഫ്രി പറഞ്ഞു.
'എസ്പിയുടെ നിയന്ത്രണത്തിലാണ് ഇവരെല്ലാവരും. ഈ കേസിൽ ചേളാരിയിൽ നിന്ന് പിടികൂടിയിട്ട് താനൂര് വരെ കൊണ്ടുവന്നത് ആരാണെന്ന് നമുക്കിതുവരെ ഉത്തരം കിട്ടിയിട്ടില്ല. അവരുടെ കസ്റ്റഡിയിൽ വെച്ചാണ് എന്റെ അനിയൻ മരിച്ചത്.' അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ പ്രതികളായ മുതിർന്ന ഉദ്യോഗസ്ഥരെ നേരത്തെ ചിലർ സംരക്ഷിക്കുന്നുവെന്നും ചെറിയ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണെന്നും കുടുംബം നേരത്തെ പരാതിപ്പെട്ടിരുന്നു. ഈ പരാതി ശരിവെക്കുന്ന വിധത്തിലാണ് മുൻ എസ്ഐ സുജിത്ദാസിന്റെ വെളിപ്പെടുത്തൽ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.