'ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, എക്കാലത്തേയും മികച്ച തിരക്കഥാകൃത്ത്, സംവിധായകന്‍, അഭിനേതാവിന് പ്രണാമം': അനുശോചനമറിയിച്ച് പൃഥ്വിരാജ്

ശ്രീനിവാസന്റെ വിയോഗത്തില്‍ രാഷ്ട്രീയ- സാംസ്കാരിക മേഖലകളിൽ നിന്നായി അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്

Update: 2025-12-20 09:47 GMT

എറണാകുളം: മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് ഒരുപാട് ഓര്‍മകള്‍ ബാക്കിയാക്കി അനശ്വരതയുടെ തിരശീലമറവിലേക്ക് മടങ്ങിയ ശ്രീനിവാസന് അന്ത്യോപചാരമര്‍പ്പിച്ച് ചലച്ചിത്ര- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍. മലയാളത്തിലെ എക്കാലത്തേയും മികച്ച തിരക്കഥാകൃത്തിനും അഭിനേതാവിനും എഴുത്തുകാരനും പ്രണാമം അര്‍പ്പിച്ചുകൊണ്ട് നടന്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, എക്കാലത്തേയും മികച്ച പ്രതിഭയ്ക്ക് പ്രണാമം. പൃഥ്വിരാജ് പോസ്റ്റ് ചെയ്തു.

ശ്രീനിവാസന്റെ വിയോഗത്തില്‍ സിനിമാമേഖലയിലും മറ്റുമായി നിരവധി പേരാണ് അനുശോചനമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Advertising
Advertising

ഷെയിന്‍ നിഗം

മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ ശ്രീനിവാസന്റെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. സിനിമയ്ക്കും സംസ്‌കാരത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. നികത്താനാകാത്ത ഒരു വലിയ ശൂന്യത ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങുന്നത്. ഈ വിഷമകരമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

സംവിധായകന്‍ വിനയന്‍

സമൂഹത്തിലെ പൊയ്മുഖങ്ങള്‍ക്കും പുഴുക്കുത്തുകള്‍ക്കും എതിരെ ഇതുപോലെ പ്രതികരിച്ച കലാകാരനില്ല. ശ്രീനിവാസന്റെ വിടവ് നികത്താനാവില്ല. സിനിമ ഉള്ളിടത്തോളം ഓര്‍മിക്കും. ചിരിപ്പിക്കുന്നതിനേക്കാള്‍ ചിന്തിപ്പിച്ചു. പറയാനുള്ളത് നിര്‍ഭയമായി പറഞ്ഞു. ആദരാഞ്ജലികള്‍.

കെ.ബി ഗണേഷ്‌കുമാര്‍

ശ്രീനിയുടെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടം. കാലത്തിന് മുന്നേ സഞ്ചരിച്ച കലാകാരന്‍. ശ്രീനിവാസന്റെ എഴുത്തുകള്‍ ആരെയും വേദനിപ്പിക്കുന്നില്ല. പക്ഷേ, എന്നും ചിന്തിപ്പിക്കുന്നു. സന്ദേശവും വെള്ളാനകളുടെ നാടുമെല്ലാം ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പ്രേക്ഷകനെ ശ്രീനിവാസന്‍ ശ്രീനിവാസനിലൂടെ അവതരിപ്പിച്ചു. ശ്രീനിവാസന്റെ എഴുത്തില്‍ പോലും താരപരിവേശമില്ല. ചിന്തിപ്പിക്കാനും സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകളായിരുന്നു അദ്ദേഹത്തിന്റേത്.

സത്യന്‍ അന്തിക്കാട്

രണ്ടാഴ്ച കൂടുമ്പോള്‍ പോയി കാണുമായിരുന്നു. സംസാരിച്ച് ശ്രീനിയെ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുമായിരുന്നു. ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയിരുന്നില്ല. ബുദ്ധിയും മനസ്സും ഷാര്‍പ്പായി എല്ലാ കാലത്തും ശ്രീനിവാസന്‍ സൂക്ഷിച്ചിരുന്നു.

എം. മുകേഷ്

ശ്രീനിവാസനുമായി ഉണ്ടായിരുന്നത് 43 കൊല്ലത്തെ ദൃഢമായ സൗഹൃദം. എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരനായിരുന്നു. സിനിമയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല. ശ്രീനിയുമായി ഒരിക്കലും ചെറിയ നീരസം പോലും ഉണ്ടാക്കിയിട്ടില്ല. ശ്രീനിവാസന്റെ ചിരിക്കും പ്രത്യേകതയുണ്ട്. ശ്രീനിവാസനോടൊപ്പമുള്ള നിമിഷങ്ങള്‍ ഗോള്‍ഡന്‍ മൊമന്റ്സ്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News