കോൺഗ്രസിലെ ഭിന്നതകൾക്കിടയിൽ കേന്ദ്രസർക്കാറിനെ അഭിനന്ദിച്ച് തരൂർ; കേന്ദ്രമന്ത്രിക്കൊപ്പമുള്ള സെൽഫിയും പങ്കുവെച്ചു
യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പുനരുജ്ജീവിപ്പിച്ച കേന്ദ്ര നടപടിയെ ശശി തരൂർ പ്രശംസിച്ചു
ന്യൂ ഡൽഹി: കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതകൾക്കും വിവാദങ്ങൾക്കുമിടയിൽ കേന്ദ്രസർക്കാറിനെ അഭിനന്ദിച്ച് ശശി തരൂർ. യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പുനരുജ്ജീവിപ്പിച്ച കേന്ദ്ര നടപടിയെ ശശി തരൂർ പ്രശംസിച്ചു. കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനും ബ്രിട്ടൻ്റെ ബിസിനസ് ആൻ്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പോസ്റ്റ്.
'ബ്രിട്ടൻ്റെ ബിസിനസ് ആൻ്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സുമായുള്ള കൂടിക്കാഴ്ച്ചയിൽ കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിനൊപ്പം പങ്കെടുക്കാനായതിൽ സന്തോഷമുണ്ട്. കാലങ്ങളായി മുടങ്ങിക്കിടന്ന എഫ്‌ടിഎ ചർച്ചകൾ പുനരുജ്ജീവിപ്പിച്ചത് സ്വാഗതാർഹമാണ്.' തരൂർ എക്സിൽ കുറിച്ചു.
Good to exchange words with Jonathan Reynolds, Britain’s Secretary of State for Business and Trade, in the company of his Indian counterpart, Commerce & Industry Minister @PiyushGoyal. The long-stalled FTA negotiations have been revived, which is most welcome pic.twitter.com/VmCxEOkzc2
— Shashi Tharoor (@ShashiTharoor) February 25, 2025
ദിവസങ്ങൾക്ക് മുൻപാണ് മോദി-ട്രംപ് കൂടികാഴ്ച്ചയെയും എൽഡിഎഫ് സർക്കാരിന്റെ വ്യവസായ മേഖലയെ പുകഴ്ത്തി തരൂർ വിവാദത്തിലാവുന്നത് . അതിന് പിന്നാലെ ഇന്ത്യൻ എക്സ്പ്രസിന്റെ അഭിമുഖത്തിൽ തന്റെ സ്വതന്ത്രമായ ചിന്തകളും അഭിപ്രായങ്ങളും കൊണ്ടാണ് താൻ നാല് തവണ എംപിയായതെന്നും കോൺഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കിൽ തനിക്ക് മറ്റു വഴികളുണ്ടെന്ന് തരൂർ പറഞ്ഞിരുന്നു. നന്നായി പ്രവർത്തിച്ചില്ലെങ്കിൽ കോൺഗ്രസ് മൂന്നാം തവണയും കേരളത്തിൽ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും കോൺഗ്രസിനെ താക്കീത് ചെയ്തിരുന്നു.