അരുംകൊലയ്ക്ക് ഇരയായവർക്ക് വിട നൽകി നാട്; 5 പേരുടെയും മൃതദേഹം ഖബറടക്കി
തേങ്ങലോടെ ഉറ്റവരും ഉടയവരും
തിരുവനന്തപുരം: വെഞ്ഞാറംമൂട്ടിൽ അരുംകൊലക്ക് ഇരയായ അഞ്ചുപേർക്ക് വിട നൽകി നാട്. എല്ലാവരുടേയും മൃതദേഹം ഖബറടക്കി. ഫർസാനയെ ചിറയിൻകീഴ് മസ്ജിദിലും മറ്റ് നാല് പേരെ പാങ്ങോട് ജുമാമസ്ജിദിലാണ് സംസ്കരിച്ചത്. കൊലയാളി അഫാന്റെ അനുജൻ അഹ്സാൻ ഉൾപ്പെടെയുള്ളവരുടെ പൊതുദർശനത്തിൽ വൈകാരികാരിക രംഗങ്ങളാണ് ഉണ്ടായത്.
അതേസമയം, വർഷോപ്പിലേക്ക് പോകണം എന്ന് പറഞ്ഞാണ് അഫാൻ ഓട്ടോറിക്ഷയിൽ കയറിയതെന്ന് വെഞ്ഞാറംമൂട് കൊലക്കേസിലെ പ്രധാനസാക്ഷിയായ ഓട്ടോ ഡ്രൈവർ ശ്രീജിത്ത് പറഞ്ഞു. സ്റ്റേഷനിലേക്ക് പോയ കാര്യം പോലീസ് വിളിച്ചപ്പോൾ ആണ് അറിഞ്ഞത്. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞപ്പോൾ അഫ്സാൻ മന്തി വാങ്ങാൻ പോയതും തന്റെ ഓട്ടോയിൽ ആയിരുന്നെന്ന് ശ്രീജിത്ത് മീഡിയ വണ്ണിനോട് പറഞ്ഞു.
കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലയുടെ കാരണം ഇപ്പോളും അവ്യക്തമായി തുടരുകയാണ്. പ്രതി ലഹരി ഉപയോഗിച്ചെന്നനിഗമനത്തിലാണ് അന്വേഷണസംഘം. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊലപാതകിയുടെ അമ്മയുടെ മൊഴി കേസിൽ നിർണായകമാണ്. പ്രതിയുടെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.