തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് ഇത്തവണയും മത്സരം കടുക്കും. അക്കൗണ്ട് നിലനിർത്താൻ വി.ശിവൻകുട്ടി ആകും ഇത്തവണയും എൽഡിഎഫിനായി മത്സരത്തിനിറങ്ങുക. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തെ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ് ശബരീനാഥിനെ മത്സരിപ്പിക്കാനാണ് യുഡിഎഫിൽ ആലോചനകൾ നടക്കുന്നത്.
എന്നാൽ നേമം സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. തങ്ങളാരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാറില്ലെന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേമത്ത് രണ്ട് പ്രാവശ്യം ജയിച്ചു, ഒരു പ്രാവശ്യം പരാജയപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു.
പാലായിൽ ജോസ് കെ.മാണി
ജോസ് കെ.മാണി പാലായിൽ തന്നെ വീണ്ടും മത്സരിച്ചേക്കും. മണ്ഡലം തിരിച്ചു പിടിക്കാൻ ജോസ് കെ മാണി വീണ്ടും കളത്തിൽ ഇറങ്ങണമെന്നാണ് കേരളാ കോൺഗ്രസ് എമ്മിലെ പൊതുവികാരം. പാലായിൽ തന്നെ മത്സരിക്കുന്നതിനോടാണ് എൽഡിഎഫ് നേതൃത്വത്തിനും താത്പര്യം. കേരളാ കോൺഗ്രസ് പ്രാഥമിക സ്ഥാനാർഥി ചർച്ചകൾ തുടങ്ങി.വടക്കൻ കേരളത്തിൽ ക്രൈസ്തവ കുടിയേറ്റ മേഖലയിൽ പാർട്ടി സീറ്റ് ആവശ്യപ്പെടും.
ഇക്കുറി ജോസ് കെ. മാണി എവിടെ മത്സരിക്കുമെന്ന രാഷ്ട്രീയ ചർച്ചകൾ സജീവമാണ്. പാലാ ഒഴിവാക്കി കടുത്തുരുത്തിയിൽ മത്സരിക്കണമെന്ന അഭൂഹവും ഉയർന്നിരുന്നു. എന്നാൽ കെ.എം മാണിയെ പതിറ്റാണ്ടുകളോളം നിയമസഭയിൽ എത്തിച്ച പാലായിൽ തന്നെ മത്സരിക്കാനാണ് ജോസ് കെ മാണിക്ക് താത്പര്യം. പാലായുമായിയുളള വൈകാരികമായ അടുപ്പമാണ് തീരുമാനത്തിനു കാരണം. മണ്ഡലം മാറി മത്സരിച്ചാൽ എതിരാളികൾ അത് ആയുധമാക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭ ഭരണം നഷ്ടമായെങ്കിലും അടിസ്ഥാന വോട്ടിൽ ഇടക്കം തട്ടിയിട്ടില്ലെന്ന് പാർട്ടി വിലയിരുത്തുന്നു. ത്രികോണ മത്സരം നടന്നാൽ ആശങ്ക വേണ്ടന്നും നേതാക്കൾ ആത്മശ്വാസം പ്രകടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ , ചങ്ങനാശേരി എന്നിവിടങ്ങളിൽ സിറ്റിങ് എംഎൽഎമാരായ എൻ. ജയരാജ് , സെബാസ്റ്റ്യൻ കുളത്തിങ്കൽ , ജോബ് മൈക്കിൾ എന്നിവർ വീണ്ടും അങ്കത്തിന് ഇറങ്ങും. തിരുവമ്പാടി, കുറ്റ്യാടി അടക്കം കൂടുതൽ സീറ്റുകൾ കേരളാ കോൺഗ്രസ് എം ആവശ്യപ്പെട്ടേക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം ഉന്നതാധികാര സമിതി യോഗം വിളിക്കും.
പി.സരിൻ ഒറ്റപ്പാലത്ത്
പി.സരിൻ ഒറ്റപ്പാലത്ത് എൽഡി എഫ് സ്ഥാനാർഥിയാവാൻ സാധ്യത . സരിന് വിജയസാധ്യത ഉള്ള സീറ്റ് നൽകണമെന്നാണ് സിപിഎം നേതാക്കൾക്കിടയിലെ ധാരണ .
ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം നൽകിയതായാണ് വിവരം . കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സരിൻ ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. പിന്നീട് പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്താണ് അദ്ദേഹം കോൺഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിച്ചത്.