കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രതികള്‍ ബാറില്‍ ഒത്തുകൂടി; ഷാജഹാന്‍ വധത്തിലെ നിർണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കേസിലെ എട്ട് പ്രതികളും പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്

Update: 2022-08-17 02:26 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊട്ടേക്കാട്: പാലക്കാട് കൊട്ടേക്കാട് സി.പി.എം പ്രദേശിക നേതാവ് ഷാജഹാനെ വെട്ടിക്കൊന്ന കേസിലെ പ്രതികളുടെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുൻപ് പ്രതികൾ ബാറിൽ ഒത്തുകൂടിയതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കേസിലെ എട്ട് പ്രതികളും പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ എസ്.പി നേരത്തെ നിയമിച്ചിരുന്നു. പാലക്കാട് ഡിവൈ.എസ്.പി വി.കെ രാജുവിന്‍റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. നാല് സി.ഐമാരും സംഘത്തിലുണ്ട്. പ്രതികൾ ബി.ജെ.പി അനുഭാവികളാണെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. സംഭവത്തിനു പിന്നിൽ ബി.ജെ.പി അനുഭാവികളാണെന്നും രാഷ്ട്രീയവിരോധമാണ് കൊലയ്ക്കു പിന്നിലെന്നും എഫ്.ഐ.ആറിൽ പറയുന്നു. കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും ആരോപിച്ചിട്ടുണ്ട്. കൊല നടത്തിയ ശേഷം വ്യാജപ്രചാരണം നടത്തുകയാണെന്നും സി.പി.എം ആരോപിച്ചു.

ഷാജഹാന്‍റെ കാലിനും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. എട്ടുപേരാണ് കേസിൽ പ്രതികളെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. ഷാജഹാന്‍റെ മരണം അമിതമായി രക്തംവാർന്നത് മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഷാജഹാന്‍റെ കയ്യിലും കാലിലും അഞ്ച് മുറിവുകളുണ്ടായിരുന്നു. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.

ഞായറാഴ്ച രാത്രിയാണ് ഷാജഹാനെ വീടിന് മുന്നിൽവച്ച് ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News