Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ദുബായ്: അഴിമതി മൂടിവെക്കാൻ സർക്കാർ പൈങ്കിളി കഥകളിൽ ജനങ്ങളെ കുടുക്കിയിടുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎം മന്ത്രിമാരും നേതാക്കളും ഉൾപ്പെടയുള്ള ഹവാല ഇടപാടുകളെ സംബന്ധിച്ചും 108 ആംബുലൻസ് അഴിമതിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് മറച്ചുവെക്കുന്നതിന് വേണ്ടി സർക്കാരും സിപിഎം മറ്റ് പല വിഷയങ്ങളിൽ ചർച്ച കൊണ്ടുപോവാൻ ശ്രമിക്കുന്നതെന്ന് സതീശൻ പറഞ്ഞു. ഓണകാലമായിട്ടും വിലക്കയറ്റം കാരണം ജനങ്ങൾ പൊറുതിമുട്ടുകയാണെന്നും സർക്കാർ മാർക്കറ്റിൽ ഇടപെടുന്നതിൽ ദയനീയമായി പരാജയപ്പെട്ടെന്നും സതീശൻ വിമർശിച്ചു.
അഞ്ച് പൈസ ഗജനാവിലില്ലാതെ പരസ്യങ്ങൾക്കും ക്യാമ്പയിനുകൾക്കും വേണ്ടി സർക്കാർ പണം ചെലവഴിച്ചു കൊണ്ടിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും പുറത്തുവരുമെന്നും ഞെട്ടുന്ന വാർത്തകൾക്ക് സമയപരിധി പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു. ബിജെപി നേതാക്കൾക്ക് എതിരായ വാർത്തകൾ പുറത്തുവന്നത് പോലെ സിപിഎമ്മും കരുതിയിരിക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു. ദുബൈയിൽ ICL ഫിൻകോർപ്പ് ഓണാഘോഷത്തിൽ പങ്കെടുക്കുകയിരുന്നു സതീശൻ.