ആറളത്ത് വെടിവെപ്പ് നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു

മാവോയിസ്റ്റ് സംഘത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു

Update: 2023-10-31 06:40 GMT
Advertising

കണ്ണൂർ: ആറളത്ത് വെടിവെപ്പ് നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. മാവോയിസ്റ്റ് പശ്ചിമ ഘട്ട സോൺ സെക്രട്ടറി സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. മാവോയിസ്റ്റ് സംഘത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു. പ്രദേശത്ത് തെരച്ചിലിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. സംഘത്തിൽ അഞ്ച് മാവോയിസ്റ്റുകളാണുണ്ടായിരുന്നത്. ഇതിൽ മുന്നുപേരെ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 

വനവകുപ്പിന്റെ താത്കാലിക വാച്ചർമാർ വെടിയുതിർത്ത ആളുകളെ കൃത്യമായി കണ്ടിരുന്നു. ഇവരിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞത്. മാവോയിസ്റ്റ് സംഘത്തിൽ ഒരു വനിത കൂടിയുണ്ടായിരുന്നു ഇത് ജിഷയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മറ്റുള്ളവരെ സംബന്ധിച്ച് ഏകദേശ ധാരണ പൊലീസിനുണ്ട്. അഞ്ച് ദിവസം മുമ്പ് രാമച്ചിയിലെ സണ്ണിയെന്നയാളുടെ വീട്ടിൽ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഈ സംഘം തന്നെയാണ് വനപാലകർക്ക് നേരെ വെടിയുതിർത്തതെന്നാണ് പൊലീസ് കണ്ടെത്തൽ. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം ഇന്നലെ ഇവിടെ തമ്പടിച്ചിരുന്നു. ഇന്നലെ രാത്രിയും ഇന്നുമായി വലിയ രീതിയിലുള്ള തിരച്ചിൽ നടക്കുകയാണ് ഡ്രോണും ഹെലിക്കോപ്റ്ററും അടക്കമുള്ളവ ഉപയോഗിച്ചു കൊണ്ടുള്ള തിരച്ചിൽ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

വയനാട് കാടുമായി അതിർത്തി പങ്കിടുന്ന കണ്ണുർ ജില്ലയിലെ പല ഭാഗങ്ങളിലും 2015 മുതൽ തന്നെ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണ്. എന്നിരുന്നാലും ഇത് ആദ്യമായിട്ടാണ് ജില്ലയിൽ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുന്ന സംഭവമുണ്ടാകുന്നത്. പലസമയങ്ങളിലും രാമച്ചിയിലും കേളകത്തും അമ്പായത്തോടുമടക്കമുള്ള പ്രദേശങ്ങളിൽ എത്താറുണ്ട്. ഇത്തരത്തിൽ എത്തുന്ന മാവോയിസ്റ്റുകൾ വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കുകയും ഭക്ഷണ സാധനങ്ങൾ ശേഖരിക്കുകയും ചെയ്യാറുണ്ട്. കൂടാതെ ആയുധമേന്തിയുള്ള പ്രകടനങ്ങളും ലഘുലേഖ വിതരണവും ഇവർ നടത്താറുണ്ട്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News