സിദ്ദീഖ് കാപ്പനെതിരായ നീക്കങ്ങൾ മനസാക്ഷിയെ ഞെട്ടിക്കുന്നത്; ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി

'മലയാളിയായ പത്രപ്രവർത്തകന് ഉണ്ടായ ദുരന്തത്തിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യമാണ്'

Update: 2021-04-25 12:13 GMT
Editor : ijas

യു.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജീവിതം ദാരുണമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ജയിലിലും ആശുപത്രിയിലും അദ്ദേഹം നേരിടുന്ന ക്രൂരമായ മർദ്ദനങ്ങളും പ്രതികാര നടപടിയും മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിപ്പിക്കുന്നതാണെന്നും മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീർ എം. പി.

അദ്ദേഹത്തിന്‍റെ  ജീവൻ തന്നെ അപകടത്തിലായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഇടപെടേണ്ട സാഹചര്യമാണുള്ളത്. അറസ്റ്റ് മുതൽ അദ്ദേഹം നേരിടേണ്ടി വന്ന ക്രൂരതകൾ മറ്റൊരു തടവുകാരനു ഉണ്ടായിട്ടുണ്ടാവുമോ എന്നത് സംശയമാണ്. പ്രമേഹരോഗിയായ അദ്ദേഹത്തിന് കൃത്യമായ ഭക്ഷണമോ ചികിൽസയോ ലഭ്യമായിരുന്നില്ല. ഇതിനിടയിലാണ് ജയിലിൽ കുഴഞ്ഞുവീണ് താടിയെല്ല് തകർന്ന് പരിക്കേറ്റത്. ഒപ്പ൦ കോവിഡ് പോസിറ്റീവ് ആവുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് മുതൽ മൃഗ സമാനമായ സാഹചര്യമാണ് അദ്ദേഹം നേരിടുന്നത് . ചങ്ങലയിൽ ബന്ധിച്ച് മലമൂത്ര വിസർജ്ജനം ചെയ്യാൻ പോലു൦ ചെയ്യാൻ അനുവദിക്കുന്നില്ലെന്നു൦ തന്‍റെ ജീവൻ ഏത് സമയവും അപായപ്പെടുത്തുമെന്നുമാണ് അദ്ദേഹം ഭാര്യയോട് ഇന്നലെ പറഞ്ഞത്. ഇന്നലെ വാർത്തയറിഞ്ഞ ഉടനെ അദ്ദേഹത്തിന്‍റെ ഭാര്യയെ ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തതായി ഇ.ടി മുഹമ്മദ്‌ ബഷീർ എം. പി പറഞ്ഞു. നേരത്തെ ഈ വിഷയം പാർലമെന്‍റില്‍ ഉന്നയിച്ചിരുന്നതാണെന്നും ഇനിയും ഇക്കാര്യത്തിൽ സാധ്യമായ എല്ലാവിധ ഇടപെടലുകളും നടത്തുമെന്നും ഇ.ടി മുഹമ്മദ്‌ ബഷീർ വ്യക്തമാക്കി.

Advertising
Advertising

യു.പിയിലെ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവുമായും പാർലിമെന്‍റ് അംഗം ഡാനിഷ് അലിയുമായും ബന്ധപ്പെട്ടിരുന്നു. സംഭവത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തി വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദീഖ് കാപ്പന്‍റെ അറസ്റ്റിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുന്നത് ആശാവഹമാണ്. ഇക്കാര്യത്തിൽ കേരളത്തിൽ നിന്നുള്ള എം.പിമാരുടെ സംയുക്ത ഹരജി രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവർക്ക് അയക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ അറിയിച്ചു. കാപ്പന്‍റെ മോചനമാവശ്യപ്പെട്ട് ഭാര്യ, ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു.

മലയാളിയായ പത്രപ്രവർത്തകന് ഉണ്ടായ ദുരന്തത്തിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിശദമായി മുഖ്യമന്ത്രിക്ക് എഴുതിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം കിടക്കുന്ന മഥുരയിലെ കെ.എം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, ഒരു കോവിഡ് ഹോസ്പിറ്റൽ കൂടി ആയത് കൊണ്ട് പുറത്തു നിന്ന് ആളുകൾക്ക് പോയി ഡോക്ടറുമാരെയും മറ്റും കാണുന്നത് പ്രയാസമാണെങ്കിലും അതിനുള്ള സാധ്യതകൾ പറ്റുമോ എന്ന് നോക്കുവാൻ യു. പി മുസ്‌ലിം ലീഗിന്‍റെ  നേതൃത്വ നിരയിലുള്ള ഡോ. മതീൻ, ആഗ്ര മുസ്‌ലിം ലീഗിന്‍റെ പ്രസിഡന്‍റ് എം ആരിഫ് എന്നിവർക്ക് നിർദ്ദേശം കൊടുത്തതായും ഇ.ടി മുഹമ്മദ്‌ ബഷീർ പറഞ്ഞു. സാധിക്കുമെങ്കിൽ ഉടനെ തന്നെ നേരിൽ ആശുപത്രി അധികൃതരെ കാണുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ധാരാളം മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇതിൽ സജീവമായി രംഗത്തു വരുന്നുണ്ട്. ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുന്നതിന്‍റെ പരമാവധി ചെയ്യും. അദ്ദേഹത്തിന്‍റെ കുടുംബവുമായി തുടർച്ചയായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും ഇ.ടി പറഞ്ഞു.

Tags:    

Editor - ijas

contributor

Similar News