'ചിത്രപ്രിയ വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്': പിന്നെ നടന്നത് ക്രൂരമായ കൊലപാതകം

21കാരനായ ആണ്‍സുഹൃത്ത് അലന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു

Update: 2025-12-10 06:48 GMT

എറണാകുളം: മലയാറ്റൂരില്‍ 19കാരി ചിത്രപ്രിയയുടെ മരണം കൊപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. 21കാരനായ ആണ്‍സുഹൃത്ത് അലന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൂട്ടുകാരന് പെണ്‍സുഹൃത്തില്‍ തോന്നിയ സംശയം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. കൊലപാതകം മദ്യലഹരിയില്‍ ആയിരുന്നെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.

ബെംഗളൂരുവില്‍ ഏവിയേഷന്‍ ഡിഗ്രി പഠിക്കുകയായിരുന്ന ചിത്രപ്രിയ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് വേണ്ടിയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിന് പിന്നാലെ വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്നിറങ്ങിയതെന്ന് കുടുംബം പറഞ്ഞു. അലനുമായി പലപ്പോഴും തര്‍ക്കങ്ങളുണ്ടായിരുന്നെന്നും ചിത്രപ്രിയ ഫോണെടുക്കാത്തതിനെ ചൊല്ലി സംശയം നിലനിന്നിരുന്നുവെന്നും ചോദ്യംചെയ്യലില്‍ അലന്‍ മൊഴി നല്‍കി. ബെംഗളൂരുവില്‍ ചിത്രപ്രിയ പഠിച്ചുകൊണ്ടിരിക്കുന്ന കോളജില്‍ അവള്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് താന്‍ ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്ന് അലന്‍ പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന.

Advertising
Advertising

മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയെ ഇന്നലെയാണ് മരിച്ചനിലയില്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തില്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ. അടുത്തുള്ള കടയില്‍ സാധനം വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ ചിത്രപ്രിയ പിന്നീട് തിരിച്ചുവരാഞ്ഞതിന് പിന്നാലെ കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വ്യാപകമായ തെരച്ചിലിനിടെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചുതുടങ്ങിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കാണാതായി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തം പുരണ്ടിരുന്നു. കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസിന് അലന്‍ നല്‍കിയ മൊഴി.

അലന്റെ മൊഴിപ്രകാരം, സുഹൃത്തുക്കളെല്ലാം അന്ന് മദ്യപിച്ചിരുന്നു. പകല്‍നേരത്തും രാത്രിയിലും ചിത്രപ്രിയ അലനും സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നാണ് അലന്റെ മൊഴി. പെണ്‍കുട്ടിയും അവരോടൊപ്പം മദ്യപിച്ചിരുന്നുവെന്നാണ് മൊഴിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ സ്ഥിരീകരിക്കാനാകുകയുള്ളൂ. 

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News