'പാടത്തിന്റെ ഒത്തനടുവിൽ, മഴക്കാല വൈബ്'; ഗയ്‍സ് ഇവിടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ വൈറൽ കുളം
മഴയിൽ കുളിച്ച് നിൽക്കുന്ന പാടത്തിന്റെ മനോഹാരിത ആസ്വദിക്കാനും തെളിനീര് പോലുള്ള വെള്ളത്തിൽ കുളിക്കാനും ആളുകളുടെ ഒഴുക്കാണ്
കണ്ണൂര്‍: അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഒരു കുളമുണ്ട് കണ്ണൂരില്‍. പട്ടുവം മംഗലശ്ശേരി പാടത്തിന് നടുവിൽ നിർമ്മിച്ച കുളമാണ് സോഷ്യൽ മീഡിയയുടെ മനസ് കീഴടക്കിയത്. പാടത്തിന് നടുവിലെ കുളം കാണാനും ഇവിടെ കുളിക്കാനുമൊക്കെയായി ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്.
കണ്ണൂരിലെ പ്രധാന പാടശേഖരങ്ങളിൽ ഒന്നാണ് പട്ടുവം മംഗലശ്ശേരി പാടം. 300 ഏക്കറിൽ അധികം വിസ്തൃതിയുള്ള പാടത്ത് വിത്ത് ഇടാനുള്ള ഒരുക്കങ്ങൾ നടക്കുന്നതേയുള്ളൂ. പക്ഷേ പാടം തേടി ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പാടത്തിന്റെ ഒത്ത നടുവിൽ നിർമ്മിച്ച ഈ കുളം തേടിയാണ് അവരെല്ലാം എത്തുന്നത്.
രണ്ടാം വിള കൃഷിക്ക് വെള്ളമില്ലെന്ന കർഷകരുടെ പരാതിക്കൊടുവിലാണ് സ്ഥലം എംഎൽഎ എം വിജിൻ ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെട്ട് 44 ലക്ഷം രൂപ കുളം നിർമ്മിക്കാൻ അനുവദിച്ചത്. അങ്ങനെ പാടത്തിന് നടുവിലായി നാലു മീറ്ററിലധികം ആഴത്തിൽ കുളം നിർമ്മിച്ചു. പിന്നാലെ മഴയെത്തിയതോടെ വൈബാകെ മാറി. ആ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിച്ചതോടെയാണ് കുളം ഹിറ്റായത്.
മഴയിൽ കുളിച്ച് നിൽക്കുന്ന പാടത്തിന്റെ മനോഹാരിത ആസ്വദിക്കാനും തെളിനീര് പോലുള്ള വെള്ളത്തിൽ കുളിക്കാനും ആളുകളുടെ ഒഴുക്കാണ്. അതേസമയം, മഴക്കാലമാണ്, വെള്ളത്തിൽ ഇറങ്ങുമ്പോൾ ശ്രദ്ധ ഉണ്ടാവണം എന്നുമാത്രമാണ് കുളം തേടിയെത്തുന്നവരോടുള്ള നാട്ടുകാരുടെ ഉപദേശം.