Writer - അൻഫസ് കൊണ്ടോട്ടി
anfas123
കോഴിക്കോട്: താനുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് കാരാട്ട് ഫൈസല്‍. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്ത് വിട്ടയക്കുക മാത്രമാണ് ചെയ്തത്. രാഷ്ട്രീയ എതിരാളികള്‍ ഉണ്ടാക്കിയ ഗിമ്മിക്ക് വിവാദം മാത്രമാണ്. മുമ്പും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ടെന്നും കാരാട്ട് ഫൈസല്‍ മീഡിയവണിനോട് പറഞ്ഞു.
'മുസ്‌ലിം ലീഗുകാരനല്ലാത്ത ഒരാള്‍ മത്സരിച്ച് കൊടുവള്ളി നഗരസഭയില്‍ ആദ്യമായി വിജയിക്കുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്. മുസ്‌ലിം ലീഗിന്റെ കുത്തകയായിരുന്ന സ്ഥലത്താണ് സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുന്നത്. ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, സിപിഎം ഒന്നിച്ചുകൊണ്ട് കവചമൊരുക്കിയതിലൂടെയാണ് കഴിഞ്ഞ തവണ വിജയിക്കുന്നത്.'
'കൊടുവള്ളിയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യമുണ്ട്. അഴിമതിയുടെയും വികസന മുരടിപ്പിന്റേതുമായ നിലവിലെ സാഹചര്യത്തെ കുറിച്ച് ജനങ്ങള്‍ക്ക് നന്നായറിയാം. കൊടുവള്ളിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉറപ്പുവരുത്താന്‍ കഴിയാത്തതില്‍ അങ്ങേയറ്റം ലജ്ജയുണ്ട്. കൊടുവള്ളിയിലെ 15 വര്‍ഷത്തെ ഭരണം കൊണ്ട് ഒരു കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കാന്‍ പോലും മുസ്‌ലിം ലീഗിന് കഴിഞ്ഞിട്ടില്ലെന്നത് ഖേദകരമാണ്.'
താന്‍ മത്സരിക്കുന്ന സൗത്ത് ഡിവിഷന്‍ മാത്രമല്ല, നഗരസഭ തന്നെ യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുമെന്നതില്‍ സംശയമില്ല. ജനങ്ങള്‍ അത്രയും മടുത്തിട്ടുണ്ട്. കൈക്കൂലിക്ക് വേണ്ടി മാത്രമായിട്ട് ഒരു ഓഫീസ് പ്രവര്‍ത്തിക്കുകയെന്നത് അങ്ങേയറ്റം ഖേദകരം. സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിന് കരുത്താകുമെന്നും കാരാട്ട് ഫൈസല്‍ മീഡിയവണിനോട് പറഞ്ഞു.