ദർഷിതയെ സിദ്ധരാജ് മോഷണത്തിന് നിർബന്ധിച്ചതായി സംശയം;കൈയിലുണ്ടായിരുന്ന ബാഗുകളിൽ ഒന്ന് കാണാനില്ല
കല്ല്യാട്ടെ വീട്ടിൽ നിന്ന് മൂന്ന് ബാഗുമായാണ് ദർഷിത പോയത്. എന്നാൽ ദർഷിത ഹുൻസൂരിലെ വീട്ടിലെത്തിയത് വസ്ത്രം അടങ്ങിയ രണ്ടു ബാഗുമായാണ്
കണ്ണൂർ: കർണാടകയിലെ ലോഡ്ജിൽ കൊല്ലപ്പെട്ട ദർഷിതയെ സുഹൃത്ത് സിദ്ധരാജ് മോഷണത്തിന് നിർബന്ധിച്ചതായി സംശയിക്കുന്നു വെന്ന് ഭർത്താവിന്റെ കുടുംബം. കല്ല്യാട്ടെ വീട്ടിൽ നിന്ന് മൂന്ന് ബാഗുമായാണ് ദർഷിത പോയത്. എന്നാൽ ദർഷിത ഹുൻസൂരിലെ വീട്ടിലെത്തിയത് വസ്ത്രം അടങ്ങിയ രണ്ടു ബാഗുമായാണ്.
ദർഷിതയുടെ പെരുമാറ്റത്തിൽ കുറച്ചുനാളായി മാറ്റങ്ങൾ ഉണ്ടായിരുന്നുവെന്നും ഭർതൃസഹോദരൻ സൂരജ് പറഞ്ഞു. കാണാതായ സ്വർണവും പണവും എവിടെയെന്ന് അറിയില്ലെന്നാണ് സിദ്ധരാജു പൊലീസിന് നൽകിയ മൊഴി.
ഇന്നലെയാണ് കണ്ണൂർ കല്ല്യാട്ടെ വീട്ടിൽ നിന്ന് കവർച്ചക്ക് ശേഷം കാണാതായ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കർണാടകയിലെ ലോഡ്ജിൽ വെച്ച് ഡിറ്റണേറ്റർ വായിൽ തിരുകി പൊട്ടിച്ചാണ് സുഹൃത്തായ സിദ്ധരാജ് കൊലപ്പെടുത്തിയത്. ചാർജർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായി എന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം.
കടം വാങ്ങിയ പണം തിരികെ ചോദിച്ചതും ഭർത്താവിന്റെ കൂടെ ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചതുമാണ് സുഹൃത്ത് സിദ്ധരാജിനെ പ്രകോപിപ്പിച്ചത്. കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്ല്യാട് സ്വദേശി സുമതയുടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും മോഷണം പോയത്. സുമതയുടെ മകന്റെ ഭാര്യ ദർഷിത സംഭവ ദിവസം സ്വദേശമായ കർണാടകയിലെ ഹുൻസൂരിലേക്ക് പോയത് സംശയത്തിന് ഇടയാക്കി. തുടർന്ന് ദർഷിതയെ പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു