സംസ്ഥാനത്ത് വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ല; വിമര്‍ശനവുമായി തോമസ് ഐസക്

സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്

Update: 2023-09-04 03:06 GMT
Editor : Jaisy Thomas | By : Web Desk

തോമസ് ഐസക്

Advertising

തിരുവനന്തപുരം: ഭരണ സംവിധാനത്തെ വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് . സംസ്ഥാനത്ത് വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ല. സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജൻസികളുടെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. പൊലീസിലെ കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റുന്നിലെന്നും ഐസക് വിമർശിച്ചു. ചിന്തയിൽ എഴുതിയ ലേഖനത്തിൽ ആണ് തോമസ് ഐസകിന്‍റെ പരാമർശങ്ങൾ.

രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഒന്നാണ് കേരളത്തിന്റെ ഭരണയന്ത്രം. ഇതിന്റെ പിന്നിൽ നീണ്ട നാളത്തെ ചരിത്രമുണ്ട്. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലുമുള്ള സംവരണ സംവിധാനത്തിലൂടെ പിന്നോക്ക വിഭാഗക്കാർക്ക് ഭരണയന്ത്രത്തിൽസ്ഥാനം ലഭിച്ചു. ഇടതുപക്ഷ സർക്കാരുകളുടെ ഇടപെടലുകളും നിരന്തരമായ ബഹുജന സമ്മർദ്ദവും കേരളത്തിലെ ഇടതുപക്ഷ മനസ്സും ഈയൊരു സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിനു സഹായിച്ചിട്ടുണ്ട്. ജീവനക്കാരുടെ പ്രസ്ഥാനങ്ങളും ഈ ജനാധിപത്യവല്ക്കരണ പ്രക്രിയയിൽപങ്കാളികളാണ്. കേരളത്തിലെ ഭരണയന്ത്രം ക്ഷേമപ്രവർത്തനങ്ങളും വിദ്യാഭ്യാസാദി സേവനങ്ങളും പ്രദാനം ചെയ്യുന്നതിനും ബന്ധപ്പെട്ട പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും വളരെ കാര്യക്ഷമമായി പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിലെ ഭരണസംവിധാനത്തിന് മേൽപ്പറഞ്ഞ നേട്ടങ്ങൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണെങ്കിലും നിരവധി പോരായ്മകളും അതിനുണ്ട്. അതിന്റെ തെളിവുകളിലൊന്നാണ് അനിശ്ചിതമായി നീണ്ടുപോകുന്ന നിരവധി പദ്ധതികൾ. വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ല. സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജൻസികളുടെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകൾ പലപ്പോഴും ജനവിരുദ്ധമാകുന്നു.

ഭരണസംവിധാനത്തിന്റെ ഇത്തരം ദൗർബല്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സ്വകാര്യവല്ക്കരണ അജൻഡകൾ ജനങ്ങളുടെ മനസ്സിൽ അടിച്ചേല്പിക്കാനുള്ള ശ്രമം നടക്കുന്നതെന്നതും തിരിച്ചറിയപ്പെടേണ്ടതുണ്ട്. പൊതുമേഖലയെയും പൊതു സംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കിൽ ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയർത്തിയേ തീരൂ. നിയോ ലിബറൽ സർക്കാർ ഭരണയന്ത്രത്തിനു ബദലായി ഒരു ജനകീയ ഭരണയന്ത്രത്തിനു രൂപം നൽകാൻ നമുക്കു കഴിയണം.

കാലോചിതമായി നടത്തേണ്ട പരിഷ്കരണങ്ങൾ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാർദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളത്. ഭരണപരിഷ്കരണവുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷ സർക്കാരുകൾ ഇത്തരം പരിശ്രമങ്ങൾ ഓരോ ഘട്ടത്തിലും സ്വീകരിച്ചിരുന്നു എന്നും വലതുപക്ഷ സർക്കാരുകൾ അതിനെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല എന്നും കാണാനാകുമെന്നും ലേഖനത്തില്‍ പറയുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News