ഫ്രഷ് കട്ട് കേന്ദ്രം വീണ്ടും തുറന്നതോടെ ദുർഗന്ധം രൂക്ഷമെന്ന് നാട്ടുകാർ; മഹാറാലിയിൽ അണിനിരന്ന് ആയിരങ്ങൾ
സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കമുള്ള സമരക്കാർ കമ്പനി അടച്ചുപൂട്ടുംവരെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു.
Photo| Special Arrangement
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതോടെ ദുർഗന്ധവും രൂക്ഷമായതായി പ്രദേശവാസികൾ. സമരസഹായ സമിതി സംഘടിപ്പിച്ച ഫ്രഷ് കട്ട് വിരുദ്ധ മഹാറാലിയിൽ ആയിരങ്ങൾ അണിനിരന്നു. കമ്പനി അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന നിലപാടിലാണ് ജനങ്ങൾ.
നാല് പഞ്ചായത്തുകളിൽ നിന്നായി ആയിരക്കണക്കിന് പേരാണ് ഫ്രഷ് കട്ടിനെതിരെ തെരുവിലിറങ്ങിയത്. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കമുള്ള സമരക്കാർ, കമ്പനി അടച്ചുപൂട്ടുംവരെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. ശുദ്ധവായുവും ശുദ്ധജലവും മാത്രമാണ് ചോദിക്കുന്നതെന്നും ഇരകളെ വേട്ടയാടുന്ന പൊലീസ് രീതി അവസാനിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം നടന്ന അക്രമസംഭവങ്ങളിൽ 300ലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവം കഴിഞ്ഞ് 25 ദിവസത്തോളമായെങ്കിലും പലരും ഇപ്പോഴും ഒളിവിലാണ്.