ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ മൂന്നു സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു

സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി ചികിൽസ ലഭ്യമാക്കാതിരുന്നതിനെ തുടർന്ന് രക്തം വാര്‍ന്നാണ് ഷിബു മരിച്ചത്

Update: 2022-05-19 15:40 GMT

തിരുവനന്തപുരം വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസിൽനിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. വധുവിന്റെ സഹോദരൻ വിഷ്ണു സുഹൃത്തുക്കളായ ശരത് കുമാർ നിതീഷ് എന്നിവരാണ് പിടിയിലായത്. കോലിയക്കോട് സ്വദേശി ഷിബു (32) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി ചികിൽസ ലഭ്യമാക്കാതിരുന്നതിനെ തുടർന്ന് രക്തം വാര്‍ന്നാണ് ഷിബു മരിച്ചത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. യുവാവ് ടെറസിൽ നിന്ന് വീഴുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പൊലീസിന് കിട്ടിയിരുന്നു. സുഹൃത്തുക്കളുമായി ടെറസിന്റെ പടി ഇറങ്ങുന്നതിനിടെ ഷിബു മുകളിൽ നിന്ന് താഴേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുഹൃത്തുക്കൾ ഡിസ്‌ചാർജ് വാങ്ങി വീട്ടിലെത്തിച്ചു.പിറ്റേന്ന് ഷിബു രക്‌തം വാർന്ന് മരിച്ചു.

Advertising
Advertising

കന്യാകുളങ്ങരയിലെ സർക്കാർ ആശുപത്രിയിലാണ് ഷിബുവിനെ ആദ്യം എത്തിച്ചത്. പിന്നീട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സി.ടി സ്‌കാനും എക്‌സ്‌റേയും എടുക്കാൻ നിർദ്ദേശിച്ചെങ്കിലും പരിശോധനക്ക് നിൽക്കാതെ സുഹൃത്തുക്കൾ പുലർച്ചെ മൂന്ന് മണിയോടെ വീട്ടിലെത്തിച്ചു. മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് ഡിസ്‌ചാർജ് വാങ്ങുന്നതെന്നാണ് മെഡിക്കൽ കോളേജിൽ പറഞ്ഞത്.  വ്യാജ പേരുകളാണ് പ്രതികൾ ആശുപത്രിയില്‍ നൽകിയത്.

അമ്മൂമ്മ മാത്രമാണ് ഷിബുവിന്റെ വീട്ടിൽ ഉണ്ടായിരുന്നത്.  കയ്യിൽ ഉണ്ടായിരുന്ന  ഗ്ലൂക്കൂസിന്‍റെ  സൂചി പോലും ഊരി മാറ്റിയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. പിറ്റേന്ന് രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്‌തം വാർന്ന് ഷിബു മരിച്ചു. സുഹൃത്തുക്കളെ ബന്ധപ്പെടാൻ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ്  പൊലീസിൽ പരാതി നൽകിയത്.


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News