വഴക്ക്, സംശയം, കൊലപാതകം; നവവധു ഉൾപ്പെടെ തിരുവനന്തപുരത്ത് ഇന്ന് മൂന്ന് അസ്വാഭാവിക മരണം

രണ്ടു പേർ സ്വയം ജീവനൊടുക്കിയതാണെന്ന് പൊലീസ് പറയുന്നു. മറ്റൊരാൾ ദാരുണമായി കൊലചെയ്യപ്പെട്ടതാണെന്ന് വ്യക്തം.

Update: 2023-08-27 15:28 GMT

തിരുവനന്തപുരം അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വാർത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനി രേഷ്മയാണ് മരിച്ചത്. കഴിഞ്ഞ ജൂൺ 12നാണ് മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജുമായി രേഷ്മയുടെ വിവാഹം കഴിഞ്ഞത്. മണിക്കൂറുകൾക്കകം ആര്യനാട് സ്വദേശിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വാർത്ത വന്നു. വിതുര മരുതാമല സ്വദേശി ബെൻസി ഷാജിയാണ് മരിച്ചത്.

ബംഗളൂരുവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനിയുടെ കൊലപാതക വാർത്തയാണ് അടുത്തത്. ഒപ്പം താമസിച്ചിരുന്നയാൾ ആറ്റിങ്ങൽ സ്വദേശിനിയെ കുക്കറുകൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇത്തരത്തിൽ മൂന്ന് യുവതികൾ, മൂവരും തിരുവനന്തപുരം സ്വദേശികൾ, മൂന്ന് പേരുടെയും മരണം അസ്വാഭാവികം, രണ്ടു പേർ സ്വയം ജീവനൊടുക്കിയതാണെന്ന് പൊലീസ് പറയുന്നു. മറ്റൊരാൾ ദാരുണമായി കൊലചെയ്യപ്പെട്ടതാണെന്ന് വ്യക്തം. 

Advertising
Advertising

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നാണ് ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി രേഷ്മയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു രേഷ്മയുടെ മരണം. ഭർത്താവ് അക്ഷയ് രാജ് അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് രേഷ്മ മനോവിഷമത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ദുരൂഹത ആരോപിച്ച് രേഷ്മയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

വിതുര മരുതാമല സ്വദേശി ബെൻസി ഷാജി ജീവനൊടുക്കിയത് ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ്. പകൽ 11 മണിയോടെ ബെൻസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാലുമാസമായി ഭർത്താവ് ജോബിനൊപ്പം വാടകവീട്ടിലായിരുന്നു ബെൻസിയുടെ താമസം. ഇന്ന് രാവിലെ സ്വന്തം വീട്ടിലേക്ക് പോകണമെന്ന് ബെൻസി ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് കൂട്ടാക്കിയില്ല. തുടർന്നുണ്ടായ തർക്കങ്ങൾക്കൊടുവിൽ ബെൻസി വീടിനുള്ളിൽ കയറി വാതിലടച്ച് തൂങ്ങി മരിക്കുകയായിരുന്നു. 

ആറ്റിങ്ങൽ സ്വദേശി പത്മദേവിയാണ് ബംഗളൂരുവിൽ കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവ് പത്മദേവി കുക്കറുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പത്മക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. രണ്ടുവർഷത്തോളമായി ഇരുവരും ഇലക്ട്രോണിക് സിറ്റിക്കു സമീപമുള്ള ബെക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ന്യൂ മൈക്കോ ലേയൗട്ടിലെ വീട്ടിൽ ഒരുമിച്ചായിരുന്നു താമസം. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News