കേരള ജനത വർഗീയത വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് തൃക്കാക്കര നൽകുന്നത്: വിസ്ഡം

ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ മതങ്ങളിലെ മഹാഭൂരിപക്ഷം ജനങ്ങളും അവരുടെ സമുദായങ്ങളിൽനിന്ന് ഉയർന്ന് വരുന്ന വർഗീയ സംഘടനകളുടെ പിടിയിലല്ലെന്ന സത്യം സമാധാനമാഗ്രഹിക്കുന്നവരെയെല്ലാം സന്തോഷിപ്പിക്കുന്നതാണെന്ന് വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്

Update: 2022-06-04 14:16 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞത്, കേരള ജനത ഒരു കാരണവശാലും വർഗീയത വച്ചുപൊറുപ്പിക്കില്ലെന്നതിന്റെ കരുത്തുറ്റ സന്ദേശമാണ് നൽകുന്നതെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ. ക്രിസ്ത്യൻ-മുസ്‌ലിം സമുദായങ്ങളെ തമ്മിലടിപ്പിച്ച് സോഷ്യൽ എൻജിനീയറിങ് എന്ന ഓമനപ്പേരിട്ട്, കേരളത്തിന്റെ പ്രതിപക്ഷ പദവിയിലേക്ക് ചുവടുവയ്ക്കാൻ ബി.ജെ.പിക്ക് വഴിയൊരുക്കുന്ന അനവധി അവസരങ്ങൾ ബോധപൂർവം സൃഷ്ടിച്ച തെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലേതെന്ന് വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് പറഞ്ഞു.

മലയാളിയുടെ പ്രബുദ്ധതയെ വെല്ലുവിളിച്ച് പച്ച വർഗീയത യാതൊരു ഉളുപ്പുമില്ലാതെ പി.സി ജോർജ് വിളിച്ചുപറഞ്ഞു. ആ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ വിഷലിപ്തമായ വാക്കുകളോട് മുഖംനോക്കാതെ പ്രതികരിക്കുമെന്ന് കരുതിയ കേന്ദ്രങ്ങളിൽനിന്നുണ്ടായ നിസ്സംഗതയും മൗനവും ബാലൻസിങ്ങും തെല്ലൊന്നുമല്ല കേരള ജനതയുടെ സൗഹാർദം നിലനിന്നു കാണാൻ ആഗ്രഹിക്കുന്നവരെ അസ്വസ്ഥമാക്കിയത്-അദ്ദേഹം അഭിപ്രായപ്പെട്ടു.

നേതാക്കൾക്ക് തെറ്റി. ജനം നിങ്ങൾ വിചാരിച്ച പോലെ വർഗീയതയോടൊപ്പമല്ല. പരസ്പര സൗഹാർദത്തിൽ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളജനത. സമുദായ-രാഷ്ട്രീയ നേതാക്കൾ വർഗീയ സംഘാടനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാൻ അറച്ചുനിൽക്കരുതെന്ന ശക്തമായ സന്ദേശമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ വിളിച്ചുപറഞ്ഞത്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ

മതങ്ങളിലെ മഹാഭൂരിപക്ഷം ജനങ്ങളും അവരുടെ സമുദായങ്ങളിൽനിന്ന് ഉയർന്ന് വരുന്ന വർഗീയ സംഘടനകളുടെ പിടിയിലല്ലെന്ന സത്യം സമാധാനമാഗ്രഹിക്കുന്നവരെയെല്ലാം സന്തോഷിപ്പിക്കുന്നതും വരും തെരഞ്ഞെടുപ്പിലേക്കുള്ള ശുഭസൂചനയുമാണെന്നും ടി.കെ അഷ്‌റഫ് കൂട്ടിച്ചേർത്തു.

Summary: Thrikkakara bypoll sends the message that the people of Kerala will not tolerate communalism, says Wisdom Islamic Organization general secretary TK Ashraf

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News