മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്തി; മയക്കുവെടി വയ്ക്കും

നാല് സംഘങ്ങളായി തിരിഞ്ഞാണ് കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം

Update: 2025-05-21 13:22 GMT
Editor : Jaisy Thomas | By : Web Desk

മലപ്പുറം: മലപ്പുറം കാളികാവ് അടയ്ക്കാകുണ്ടിൽ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്തി. മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം പുറപ്പെട്ടു. കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലെ എസ് വളവിലാണ് കടുവയെ കണ്ടത്. നാല് സംഘങ്ങളായി തിരിഞ്ഞാണ് കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം.

കാളികാവില്‍ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്ദുൽ ഗഫൂറിന്‍റെ മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴുത്തിന്റെ പിറകിലും കശേരുക്കളിലും കടുവയുടെ കോമ്പല്ല് കൊണ്ടു ആഴത്തിൽ കടിയേറ്റു. ശരീരമാസകലം പല്ലിന്റെയും നഖത്തിന്റെയും പാടുകളെന്നും പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലുണ്ട്. അമിതമായ രക്തസ്രാവവും മരണത്തിനിടയാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തുന്നത്. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News