കൊച്ചി: ടി.പി ചന്ദ്രശേഖരന്റേത് ക്രൂരമായ കൊലപാതകമെന്ന് ഹൈക്കോടതി. വധശിക്ഷ നൽകിയില്ലെങ്കിലും പ്രതികളുടെ ശിക്ഷ കോടതി വർധിപ്പിക്കുകയാണ് ചെയ്തത്. നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചവരുടെ ജീവപര്യന്തം കോടതി ശരിവെച്ചു. നിലവിൽ 12 വർഷം ശിക്ഷ അനുഭവിച്ചതിനാൽ ബാക്കി എട്ട് വർഷം അനുഭവിച്ചാൽ മതിയാകും. എന്നാൽ ഈ കാലയളവിൽ പരോളോ മറ്റു ഇളവുകളോ ഇല്ലാതെ ശിക്ഷയനുഭവിക്കണം.
ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇതിന് പുറമെ മറ്റൊരു ജീവപര്യന്തം കൂടി വിധിച്ചിട്ടുണ്ട്. കേസിലെ ഒന്ന്, രണ്ട്, മൂന്ന് നാല്, അഞ്ച്, ഏഴ് പ്രതികളായ എം.സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, കെ.കെ മുഹമ്മദ് ഷാഫി, കെ. ഷിനോജ് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ കെ.കെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തമാണ് ശിക്ഷ. ടി.പിയുടെ ഭാര്യ കെ.കെ രമക്ക് 7.5 ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി വിധിച്ചു.
പ്രതികൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷനും കെ.കെ രമയും കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി കാണാൻ കഴിയില്ലെന്നായിരുന്നു പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ള വാദിച്ചത്. നേരത്തെയും കേരളത്തിലും രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. അതൊന്നും അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ പ്രതികൾ ജയിലിൽ കഴിയുമ്പോഴും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ശിക്ഷ വർധിപ്പിക്കുന്നതിൽ തീരുമാനമെടുക്കുന്നതിനായി പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട്, പ്രതികൾ ജയിലിൽ ചെയ്ത ജോലികൾ സംബന്ധിച്ച് കണ്ണൂർ, തൃശൂർ, തവനൂർ ജയിൽ സുപ്രണ്ടുമാരുടെ റിപ്പോർട്ട്, പ്രതികളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള റിപ്പോർട്ട് എന്നിവയും കോടതി പരിശോധിച്ചു.
2012 മേയ് നാലിനാണ് വടകര വള്ളിക്കാടുവെച്ച് ടി.പി ചന്ദ്രശേഖരനെ പ്രതികൾ കാറിടിപ്പിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 36 പ്രതികളാണ് ഉണ്ടായിരുന്നത്. 2014-ലാണ് കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. എം.സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ.സി രാമചന്ദ്രൻ, ട്രൗസർ മനോജ്, സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തൻ, വായപ്പിടിച്ചി റഫീഖ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണിൽ കുഞ്ഞനന്തൻ മരിച്ചു.