'പോളണ്ടിൽ നിരോധിക്കപ്പെട്ടത് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടർച്ചയല്ല, പരാതിക്കാരൻ തീവ്ര വലതുപക്ഷക്കാരൻ'; കുറിപ്പുമായി ഡോ.ടി.ടി ശ്രീകുമാർ
ആദ്യം പരാതി നൽകിയ മുൻ നീതി-ന്യായ മന്ത്രി സിന്യൂ സിയോബ്ര ഹംഗറിയിൽ ഒളിവിലാണ്. ക്രിമിനൽ മാഫിയ പ്രവർത്തനം ഉൾപ്പെടെ ഇയാൾക്കെതിരെ 26 കേസുകളുണ്ടെന്നും ശ്രീകുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു
കോഴിക്കോട്: പോളണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനത്തിൽ കുറിപ്പുമായി ഡോ.ടി.ടി ശ്രീകുമാർ. പറയുമ്പോൾ എല്ലാം പറയണം. ഇപ്പോൾ നിരോധിക്കപ്പെട്ട പോളിഷ് കമ്യൂണിസ്റ്റ് പാർട്ടി സോവിയറ്റ് കാലത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടർച്ചയല്ല. ഇത് 2002-ൽ സ്ഥാപിതമായ, അധികം ആൾബലമില്ലാത്ത, അർഥബലം ഇല്ലാത്ത, വളരെ ചെറിയ ഒരു പാർട്ടിയാണ്. ബീയ്റ്റാ കരോൺ എന്ന വനിതയാണ് അതിന്റെ അധ്യക്ഷ. ഈ പാർട്ടിയെ നിരോധിക്കണം എന്ന് ആദ്യം കോടതിയിൽ ഹർജി നൽകിയത് 2020-ൽ അന്നത്തെ നീതി-ന്യായ മന്ത്രി സിന്യൂ സിയോബ്രയാണ്. അദ്ദേഹത്തിന് കോടതിയിൽ ഹാജരാവാൻ കഴിയാത്തതുകൊണ്ട് കേസ് നീട്ടിവക്കപ്പെടുകയായിരുന്നു. എന്താണു അദ്ദേഹത്തിന് ഹാജരാവാൻ വിഷമം? ഈ നീതിമാൻ ഇപ്പോൾ ഹംഗറിയിൽ ഒളിവിലാണ്. 26 കേസുകളുണ്ട് പോളണ്ടിൽ അദ്ദേഹത്തിനെതിരെയുള്ള. പ്രധാനമായത് ഇയാൾ ഒരു ക്രിമിനൽ മാഫിയ തലവനാണ് എന്നുള്ളതാണ്.
അപ്പോഴാണ് കഴിഞ്ഞമാസം പുതിയ പ്രസിഡന്റ് കരോൾ നാരോക്കി ഈ പരാതി പൊടിതട്ടിയെടുത്തു വീണ്ടും നിരോധന ഉത്തരവിനായി കോടതിയെ സമീപിച്ചത്. നരോക്കിയുടെ പിഎച്ച്ഡി തന്നെ 'ആൻറി കമ്യൂണിസ'ത്തിൽ ആണ് (2013-ൽ). അദ്ദേഹത്തിന്റെ മുഖ്യ എതിരാളി കമ്യൂണിസമല്ല. ക്വീർ രാഷ്ട്രീയമാണ് തികഞ്ഞ മതവിശ്വാസിയും പള്ളിയുടെ ഓമനയുമായ അദ്ദേഹത്തെ ക്ഷോഭിപ്പിക്കുന്നത്. എൽജിബിടിക്യു എന്ന് കേട്ടാൽ അദ്ദേഹം എന്തും എടുത്തു വലിച്ചെറിയും. അദ്ദേഹത്തിൻറെ പ്രചാരണത്തിലെ ഒരു മുഖ്യ ഇനം 'ജെന്റർ ക്വീർ' എന്ന പുസ്തകം കീറിപ്പറപ്പിക്കുന്നതായിരുന്നു. അബോർഷൻ കുറ്റകരമാക്കുക, സ്വവർഗ വിവാഹം നിയമവിരുദ്ധമാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കമ്യൂണിസ്റ്റ് നിരോധനത്തെക്കാൾ പ്രാധാന്യം കൊടുക്കുന്ന ഇദ്ദേഹം ട്രംപിന്റെ അറിയപ്പെടുന്ന മറ്റൊരു ഫ്രണ്ടാണ്. നമ്മുടെ ഫ്രണ്ടിന്റെ കാര്യം നമുക്കറിയാമല്ലോ.
അദ്ദേഹത്തിന്റെ മറ്റൊരു ശത്രു ഇസ്‌ലാം ആണ്. അദ്ദേഹം യൂറോപ്യൻ യൂണിയന്റെ കുടിയേറ്റ നയങ്ങളെ എതിർക്കുന്നതുതന്നെ മുസ്‌ലിംകൾ കടന്നുവരും എന്നതുകൊണ്ടാണ്. 2025 മെയ് മാസത്തിൽ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ അഭിമുഖത്തിനിടയിൽ, ഭൂരിപക്ഷ മുസ്‌ലിം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ മുൻ സർക്കാർ സ്വീകരിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഇദ്ദേഹം പറഞ്ഞത് ഇസ്‌ലാമിക കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് ഏതു സാഹചര്യത്തിലും മോശമായ കാര്യമാണ് എന്നാണ്. ഇസ്‌ലാമോഫോബിയ അദ്ദേഹത്തിന്റെ കുടിയേറ്റ രാഷ്ട്രീയത്തിലെ പ്രധാന പ്രത്യയശാസ്ത്രമാണ്. കത്തോലിക്കാ മതമല്ലാതെ, അതിന്റെ ആഘോഷങ്ങൾ അല്ലാതെ മറ്റൊന്നും പോളണ്ടിൽ വേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഔദ്യോഗികമായി ഹാനുക്ക മെഴുതിരി തെളിക്കൽ ആഘോഷം പ്രസിഡൻഷ്യൽ പാലസിൽ വിലക്കിക്കൊണ്ട് തന്റെ ആന്റിസെമിറ്റിസവും അദ്ദേഹം പുറത്തെടുക്കുന്നുണ്ട്. തികഞ്ഞ മതസങ്കുചിത, യാഥാസ്ഥിക, വലതുപക്ഷ ജനാധിപത്യവിരുദ്ധതയുടെ മൂർത്തിയാണ് അദ്ദേഹം. ഇനി, ഇദ്ദേഹം ഇപ്പോൾ നിരോധനം നേടിയെടുത്ത ആ കോടതിയുടെ സ്ഥതികൂടി നോക്കാം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ സ്ഥാനമോഹികളെ നിയമവിരുദ്ധമായി തിരുകിക്കയറ്റി തല്ലിക്കൂട്ടിയ ഈ നീതിപീഠത്തിന്റെ അംഗീകാരം അവിടെ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതായത്, അഴിമതിയിൽ കുളിച്ച നിയമവ്യവസ്ഥയുടെ തലപ്പത്തുള്ള ഈ സംവിധാനത്തിന് യഥാർഥത്തിൽ അവിടെ ഉത്തരവുകൾ ഇറക്കുന്നതിന് നയമതടസമുണ്ട്. ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി നിരോധന ഉത്തരവ് നേടിയെടുത്ത അതെ സർക്കാർ അവരുടെ മറ്റു ഉത്തരവുകൾ അംഗീകരിക്കുന്നില്ല.
ഇതിലെ ഒരു ജഡ്ജി -സ്ടാനിസ്ലാ പിയോട്രോവിച്ച്- കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടായിരുന്ന കാലത്തും ജഡ്ജി ആയിരുന്നു. ഇയാൾ സുപ്പർ സ്റ്റാർ പരിപാടികളിലെ ജഡ്ജിമാരെപ്പോലെയാണ്. ഏത് 'ചാനലിലും' ഇദ്ദേഹം ജഡ്ജി ആയിട്ടുണ്ടാവും. എൺപതുകളിൽ കമ്യൂണിസ്റ്റ് പാർടിയുടെ കാലത്ത് പട്ടാളനിയമം പ്രഖ്യാപിക്കപ്പെടപ്പോൾ സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഇദ്ദേഹമായിരുന്നു. അന്നത്തെ കുറ്റങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹം ഇപ്പോഴും മറ്റുള്ളവരെ ശിക്ഷിച്ചുകൊണ്ടിരിക്കുന്നു! കൂട്ടത്തിൽ പുതിയ കമ്യൂണിസ്റ്റ് പാർട്ടിയെയും. പോളണ്ടിൽ നടക്കുന്നത് എന്തെങ്കിലും അക്രമ പ്രവർത്തനത്തിന്റെ പേരിൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെടുന്നതല്ല, അവിടെ എല്ലാത്തരം ജനാധിപത്യ സ്വാതന്ത്ര്യങ്ങളും ചോദ്യംചെയ്യുന്ന നവ യഥാസ്ഥിതികത്വം പിടിമുറുക്കുകയാണ്.
പഴയ കമ്യൂണിസ്റ്റ് ഭരണത്തിന്റെ വക്താക്കളല്ല എന്നതുകൊണ്ടുമാത്രം ആർക്കും ആഘോഷിക്കാൻ കഴിയുന്നതല്ല ഇപ്പോഴത്തെ നിരോധനം. ഏറ്റവും ഒടുവിലായി, എന്നാൽ ഒട്ടും അപ്രധാനമല്ലാത്ത ഒരു കാര്യംകൂടി പറയാം. നിരോധനംകൊണ്ട് കമ്യൂണിസത്തെ നശിപ്പിക്കാൻ കഴിയാറില്ല. കമ്യൂണിസം പലപ്പോഴും വളരുന്നതുതന്നെ നിരോധനത്തിന്റെ രാഷ്ട്രീയപരസരത്താണ്. ഇടതുപക്ഷം ലോകത്തെല്ലായിടത്തും ഇപ്പോൾ ബാഹ്യമായ പ്രതിസന്ധി മാത്രമല്ല നേരിടുന്നത്, എന്താണ് ബദൽ അധികാരം എന്നതിനെക്കുറിച്ചുള്ള ആഭ്യന്തര സംവാദവും നടത്തുന്നുണ്ട്. പാർട്ടികൾ പതറുന്നുണ്ട്, വീഴുന്നുണ്ട്, എണീറ്റ് നടക്കുന്നുണ്ട്. ഇടതുചിന്തയുടെ ഒരു സവിശേഷത അതിന്റെ ബഹുമുഖത്വമാണ്.
പോളണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചത് പാർട്ടി ഒരു ബദൽ അധികാരകേന്ദ്രം ആയതുകൊണ്ടല്ല. പഴയ കുറ്റവാളികളുടെ പാർട്ടി ആയതുകൊണ്ടല്ല, അവർ നിലകൊള്ളുന്നത് യാഥാസ്ഥിതിക വിരുദ്ധമായ മൂല്യങ്ങൾക്കുവേണ്ടി ആയതുകൊണ്ടാണ്. ഇത് തിരിച്ചറിയുക എന്നത് പ്രധാനമാണ്. അതിനാൽ, പോളണ്ടിനെക്കുറിച്ച് കുറച്ചുകൂടി രാഷ്ട്രീയബോധ്യത്തോടെ, വിവേകത്തോടെ സംസാരിക്കുന്നതാവും കൂടുതൽ ഉചിതം.