'വിധി റദ്ദാക്കണം': നടിയെ ആക്രമിച്ച കേസിൽ അപ്പീലുമായി രണ്ട് പ്രതികൾ ഹൈക്കോടതിയിൽ
ബലാത്സംഗത്തിന് ഒന്നാം പ്രതിയെ സഹായിച്ചിട്ടില്ലെന്നും ക്രിമിനൽ ഗൂഢാലോചനയ്ക്ക് കൂട്ട് നിന്നിട്ടില്ലെന്നും അപ്പീലിൽ പറയുന്നു
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അഞ്ചാം പ്രതി വടിവാൾ സലീമും ആറാം പ്രതി പ്രദീപുമാണ് അപ്പീല്‍ നല്‍കിയത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി റദ്ദാക്കണം, ശിക്ഷ വിധിച്ചത് മതിയായ തെളിവുകൾ ഇല്ലാതെയാണെന്നും അപ്പീലില്‍ പറയുന്നു. ബലാത്സംഗത്തിന് ഒന്നാം പ്രതിയെ സഹായിച്ചിട്ടില്ല. ക്രിമിനൽ ഗൂഢാലോചനയ്ക്ക് കൂട്ട് നിന്നിട്ടില്ലെന്നും അപ്പീലില്‍ പറയുന്നു.
കേസിലെ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെയാണ് കോടതി 20വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. കേസിലെ ഏഴു മുതൽ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
എട്ടാം പ്രതിയായ ദിലീപിനെയും കോടതി വെറുതെ വിട്ടിരുന്നു. ഗൂഢാലോചനയടക്കം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇതിനിടെയാണ് വിചാരണ കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.