തിരുവനന്തപുരത്ത് പൊലീസുകാരനെ മര്‍ദിച്ച സംഭവം; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഇവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്
തിരുവനന്തപുരം: പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വിനയ്, സുര്‍ജിത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. എസ്എഫ്‌ഐക്കാരുടെ മര്‍ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ്.
എആര്‍ ക്യാമ്പിലെ പൊലീസുകാരനായ മിഥുന്‍ റോയിക്കാണ് മാളില്‍ വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. മിഥുന്‍ തങ്ങളെ മര്‍ദിച്ചു എന്നാണ് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പരാതി. ഇതില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം മിഥുനെതിരെ കേസെടുത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
മിഥുന്‍ റോയിക്ക് എതിരെ കേസെടുത്തതില്‍ പൊലീസ് സേനക്കുള്ളില്‍ തന്നെ കടുത്ത അമര്‍ഷം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ്. മിഥുനെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കുമെന്ന് കമ്മീഷണര്‍ കെ. കാര്‍ത്തിക് പറഞ്ഞിരുന്നു. സംഭവത്തില്‍ ഫോര്‍ട്ട് എസിപിയോട് കമ്മീഷണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
പുതുവത്സര രാത്രിയില്‍ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്‌ഐക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് എസ്എഫ്‌ഐക്കാരെ നേരിട്ട പൊലീസ് സംഘത്തില്‍പെട്ടയാളാണ് മിഥുന്‍ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുന്‍ റോയിയുടെ പരാതി.