കൂറ്റൻ യന്ത്രങ്ങളുമായുള്ള ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി; ഗതാഗതം പുനഃസ്ഥാപിച്ചു

അടിവാരത്ത് നിന്ന് ലക്കിടിയിലെത്തിയത് മൂന്നേകാൽ മണിക്കൂറെടുത്ത്

Update: 2022-12-23 02:59 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: കൂറ്റൻ യന്ത്രങ്ങളുമായി കോഴിക്കോട് അടിവാരത്ത് തടഞ്ഞിട്ടിരുന്ന ട്രെയിലറുകൾ ചുരം കയറി. കാര്യമായ തടസ്സങ്ങളില്ലാതെ മൂന്ന് മണിക്കൂർ ഇരുപത് മിനുട്ട് കൊണ്ടാണ് രണ്ട് ട്രെയിലറുകളും ചുരം താണ്ടിയത്.

അടിവാരത്തെ മൂന്ന് മാസത്തെ വാസം മതിയാക്കിയാണ് രണ്ട് ട്രെയിലറുകളും ചലിച്ചു തുടങ്ങിയത്. അകമ്പടിയായി പൊലീസ് , ഫയർ ഫോഴ്‌സ്, കെഎസ്ഇബി, വനംവകുപ്പ് ജീവനക്കാർ, രണ്ട് ആംബുലൻസുകൾ എന്നിവയുമുണ്ടായിരുന്നു. ചുരം സംരക്ഷണ സമിതിയും വേണ്ട സഹായങ്ങളൊക്കെ ചെയ്ത് മുന്നിലുണ്ടായിരുന്നു.

ട്രെയിലറുകളിൽ ഒന്നിന്റെ നീളം 17 മീറ്ററും വീതി 5.2 മീറ്ററുമാണ്. രണ്ടാമത്തേതിന് നീളം 14.6 മീറ്ററും വീതി 5.8 മീറ്ററുമാണ്. അനക്കമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായതുകൊണ്ടാകണം ഒരു ട്രെയിലർ ഒന്നാം വളവെത്തും മുമ്പ് മൂന്ന് തവണ നിന്നു. എഞ്ചിൻ തകരാർ പരിഹരിച്ച് പിന്നെ നേരെ ചുരത്തിലേക്ക് കയറിത്തുടങ്ങി. ട്രെയിലറുകളുടെ അടി തട്ടുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിൽ ഒന്ന്, ഏഴ്, എട്ടു വളവുകൾ പ്രശ്‌നങ്ങളില്ലാതെ കയറിത്തുടങ്ങി. പാൽപ്പൊടി നിർമാണ യൂണിറ്റും വഹിച്ച് നഞ്ചൻകോഡ് ലക്ഷ്യമാക്കിയുള്ള രണ്ട് ട്രെയിലറും ഒടുവിൽ ഒമ്പതാം വളവും താണ്ടി.

Advertising
Advertising

കർണാടക നഞ്ചൻഗോഡിലെ നെസ്‌ലെ കമ്പനിയുടെ പ്ലാന്‍റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായി സെപ്തംബർ 10നാണ് ട്രെയിലറുകൾ അടിവാരത്തെത്തിയത്. ചുരംവഴി പോകുന്നത് ഗതാഗത തടസമുണ്ടാക്കുമെന്നതിനാൽ ജില്ലാ ഭരണകൂടം യാത്രാനുമതി നിഷേധിക്കുകയായിരുന്നു.

ചർച്ചകൾക്കൊടുവിൽ മൂന്നു മാസത്തിന് ശേഷമാണ് ട്രെയിലറുകൾ ചുരം കയറാനൊരുങ്ങുന്നത്. ജില്ലാഭരണകൂടം ആവശ്യപ്പെട്ടതുപ്രകാരമുള്ള സത്യവാങ്മൂലം 20 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ നൽകിയതിന് ശേഷമാണ് യാത്രാനുമതി നൽകിയത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News