കൊല്ലം ജില്ലയിൽ യുഡിഎഫ് ഒറ്റക്കെട്ട്; ആശങ്കകൾ പരിഹരിച്ചുവെന്ന് മുസ്‌ലിം ലീഗ്
തിരുവനന്തപുരത്ത് നടന്ന യുഡിഎഫ് ഉന്നതല യോഗത്തിൽ പങ്കെടുക്കുകയും ജില്ലയിലെ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു
കൊല്ലം: ജില്ലയിൽ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡണ്ട് നൗഷാദ് യൂനുസും ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സുൽഫിക്കർ സലാമും.
തിരുവനന്തപുരത്ത് നടന്ന യുഡിഎഫ് ഉന്നതല യോഗത്തിൽ പങ്കെടുക്കുകയും ജില്ലയിലെ വിഷയങ്ങൾ ചർച്ച ചെയ്തെന്നും പരിഹാരമായെന്നും നേതാക്കള്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ യുഡിഎഫിന്റെ ശക്തമായ വിജയത്തിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തുവാനും യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുവാനും യോഗത്തിൽ തീരുമാനമായി.
തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ യുഡിഎഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ, കൊല്ലം ജില്ലാ യുഡിഎഫ് ചെയർമാൻ കെ സി രാജൻ, കൊല്ലം ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡണ്ട് നൗഷാദ് യൂനുസ്, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സുൽഫിക്കർ സലാം എന്നിവർ പങ്കെടുത്തു.
കൊല്ലത്ത് യുഡിഎഫിൽ ഇനി പ്രശ്നങ്ങളില്ലെന്നും കോൺഗ്രസും മുസ്‌ലിം ലീഗും ആർഎസ്പിയും ഉൾപ്പെടെ എല്ലാ ഘടകക്ഷികളും ഒന്നിച്ച് ഒറ്റക്കെട്ടായി യുഡിഎഫ് മുന്നേറ്റത്തിനായി പ്രവർത്തിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.