നിയമസഭ ലക്ഷ്യമിട്ട് മുന്നൊരുക്കം ശക്തമാക്കാൻ യുഡിഎഫ്; തിരുത്തൽ നടപടികൾക്ക് സിപിഎമ്മിൽ സമ്മർദം

സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ ശക്തമാക്കാനുള്ള തീരുമാനം യുഡിഎഫ് ഉടൻ കൈക്കൊള്ളും

Update: 2025-12-14 02:42 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിലെ കരുത്തുറ്റ ജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ യുഡിഎഫ് . സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. അതിനാൽ സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ ശക്തമാക്കാനുള്ള തീരുമാനം യുഡിഎഫ് ഉടൻ കൈക്കൊള്ളും.

ശബരിമല സ്വർണപ്പാളി അടക്കമുള്ള വിവാദങ്ങൾ സർക്കാരിന് എതിരെ ജനവികാരം സൃഷ്ടിച്ചു എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം എന്ന് യുഡിഎഫ് കരുതുന്നു. എൽഡിഎഫിന്റെ ഭാഗത്തുന്നുണ്ടായ വർഗീയ ദ്രുവീകരണ നീക്കങ്ങളും തങ്ങൾക്ക് അനുകൂലമായ വിധിയെഴുത്തിലേക്ക് ജനങ്ങളെ എത്തിച്ചു എന്ന വിലയിരുത്തലും യുഡിഎഫിനുണ്ട്. അതിനാൽ ഇപ്പോഴും യുഡിഎഫിനോട് അകന്നു നിൽക്കുന്ന ജനവിഭാഗങ്ങളെ കൂടി ഒപ്പം ചേർക്കാനുള്ള നീക്കങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാവും.

Advertising
Advertising

നേതാക്കൾക്കിടയിൽ ഐക്യമുണ്ടെന്ന് സന്ദേശം കൂടുതലായി നൽകുന്ന നീക്കങ്ങൾ കോൺഗ്രസ് ഭാഗത്തുനിന്നും ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം മുന്നണി വിപുലീകരണമടക്കം സാധ്യമാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കും എന്നാണ് യുഡിഎഫ് കരുതുന്നത്. അത്തരം നീക്കങ്ങളും വരും ദിവസങ്ങളിൽ സജീവമാക്കും. മറുഭാഗത്ത് തദ്ദേശത്തിൽ ഇത്രയും വലിയ തിരിച്ചടി എൽഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്താണെന്ന് പുറമേക്ക് സമ്മതിക്കുന്നില്ലെങ്കിലും തിരുത്തൽ നടപടികൾ ആവശ്യമാണെന്ന് സിപിഎമ്മിനുള്ളിൽ ശക്തമായ അഭിപ്രായം ഉയർന്നിട്ടുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാർ ജനകീയമായ പ്രഖ്യാപനങ്ങൾ നടത്താനും ഇടയുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News