രാഹുലിനെതിരായ കേസുകളിൽ ഏകീകൃത അന്വേഷണം; ജി. പൂങ്കുഴലിക്ക് അന്വേഷണച്ചുമതല
തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ആയിരുന്നു ആദ്യ കേസിന്റെ അന്വേഷണം
Photo| MediaOne
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ ഏകീകൃത അന്വേഷണം. രണ്ട് കേസുകളും എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ആയിരുന്നു ആദ്യ കേസിന്റെ അന്വേഷണം. രാഹുലിനെ കസ്റ്റഡിയിൽ എടുക്കാത്തതിൽ ആദ്യത്തെ അന്വേഷണ സംഘത്തിന് നേരെ വിമർശനം ഉയർന്നിരുന്നു.
ഒളിവു ജീവിതം അവസാനിപ്പിച്ച് കേരളത്തിലെത്തിയ രാഹുലിനായുള്ള നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. രാഹുലിന്‍റെ തുടർ നീക്കങ്ങൾ അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. മുൻകൂർ ജാമ്യം തള്ളിയാൽ ഉടൻ രാഹുൽ വീണ്ടും ഒളിവിൽ പോകാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.
കേസിൽ മുൻകൂർ ജാമ്യം പരിഗണിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം. രാഹുൽ ഒളിവിൽ കഴിഞ്ഞത് എട്ട് ഇടങ്ങളിൽ ആണെന്നുള്ള വിവരം ലഭിച്ചു. വില്ലകളിലും ഫാം ഹൗസുകളിലും റിസോർട്ടുകളിലും ആയിരുന്നു താമസം. പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാക്കളുടെ സഹായവും രാഹുലിന് ലഭിച്ചു.