വരുന്നു, സർവകലാശാല അസിസ്റ്റന്റ് വിജ്ഞാപനം; അറിയാം മുഴുവൻ വിവരങ്ങൾ
നിയമനം 12 സർവകലാശാലകളിൽ
തിരുവനന്തപുരം: ബിരുദം യോഗ്യതയുള്ള സർവകലാശാല അസിസ്റ്റന്റ് വിജ്ഞാപനം പിഎസ് സി 28 ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 12 സർവകലാശാലകളിലേക്കുള്ള അസിസ്റ്റന്റുമാർക്കുള്ള വിജ്ഞാപനമാണ് വരുന്നത്. ഡിസംബർ 31 വരെ അപേക്ഷിക്കാം. തത്തുല്യ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. പ്രായം- 18-36 വയസ്. ഉദ്യോഗാർഥികൾ 02-01-1989 നും 01-01-2007 നും ഇടയിൽ ജനിച്ചവരാകണം (രണ്ട് തിയതികളിൽ ഉൾപ്പടെ ). പട്ടികജാതി/വർഗത്തിലുള്ളവർക്കും മറ്റ് പിന്നോക്ക വിഭാഗക്കാർക്കും നിയമാനുസൃതമായ ഇളവ് ലഭിക്കും. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. രണ്ട് ഘട്ട പരീക്ഷയാണ് ഉണ്ടായിരിക്കുക. ആറ് ലക്ഷത്തോളം അപേക്ഷകർ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വിജ്ഞാപനത്തിൽ 5,59,733 അപേക്ഷകരാണ് ഉണ്ടായിരുന്നത്.
നിയമനം 12 സർവകലാശാലകളിൽ
കഴിഞ്ഞ വിജ്ഞാപനങ്ങളിൽ 13 സർവകലാശാലകളാണ് ഉൾപ്പെട്ടിരുന്നത്. ഇത്തവണ 12 സർവകലാശാലകളിലേക്കുള്ള അസിസ്റ്റന്റുമാരെയായിരിക്കും ലിസ്റ്റിൽ നിന്ന് നിയമിക്കുക. നിയമസർവകലാശാലയിലെ നിയമനങ്ങൾ പിഎസ് സിയിൽ നിന്ന് എടുത്ത് മാറ്റി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. അതിനാൽ, നിയമസർവകലാശാലയിലെ ഒഴിവുകളിലേക്ക് ഈ ലിസ്റ്റിൽ നിന്ന് നിയമനം ഉണ്ടാവില്ല.
പിഎസ് സി നിയമനം നടത്തുന്ന സർവകലാശാലകൾ
- കേരള
- എംജി
- കാലിക്കറ്റ്
- കണ്ണൂർ
- കുസാറ്റ്
- കാർഷികം
- സാങ്കേതികം
- ഫിഷറീസ്
- ആരോഗ്യം
- വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്
- ശ്രീശങ്കര സംസ്‌കൃതം
- മലയാളം
നിയമന ശുപാർശ 294 പേർക്ക്
2022 ലെ വിജ്ഞാപനം അനുസരിച്ചുള്ള റാങ്ക് പട്ടികയിൽ നിന്ന് 294 പേർക്കാണ് നിയമനശുപാർശ അയച്ചിട്ടുള്ളത്. 2024 മാർച്ച് 11 നാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. പതിനാറ് ഒഴിവുകളിലേക്ക് കഴിഞ്ഞ 16 ന് നിയമനശുപാർശ അയച്ചിരുന്നു. 2027 മാർച്ച് 10 വരെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. മുഖ്യപട്ടികയിലും സംവരണ ഉപപട്ടികയിലുമായി 1584 പേരാണ് ഉൾപ്പെട്ടിരുന്നത്.