'ആശമാരെ തൊഴിലാളികളായി കേന്ദ്രം പരിഗണിക്കുന്നില്ല'; ആശമാരുടെ പ്രശ്നം രാജ്യസഭയിൽ ഉന്നയിച്ച് വി.ശിവദാസൻ എം.പി

'ആശമാരെ തൊഴിലാളികളായി കേന്ദ്രം പരിഗണിക്കുന്നില്ല'; ആശമാരുടെ പ്രശ്നം രാജ്യസഭയിൽ ഉന്നയിച്ച് വി.ശിവദാസൻ എം.പി

Update: 2025-03-19 12:23 GMT
Editor : സനു ഹദീബ | By : Web Desk

 ന്യൂ ഡൽഹി: ആശമാരുടെ പ്രശ്നം രാജ്യസഭയിൽ ഉന്നയിച്ച് വി.ശിവദാസൻ എം.പി. 1200 രൂപ ഓണറേറിയം വർധിപ്പിക്കാൻ ആശമാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ആശമാരെ തൊഴിലാളികളായി കേന്ദ്രം പരിഗണിക്കുന്നില്ലെന്നും ശിവദാസൻ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്കായി സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നില്ല. ആരോഗ്യമേഖലയില്‍ കേരളം വലിയ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എന്നാല്‍ പുരോഗതിയുടെ പേരില്‍ കേരളത്തെ ശിക്ഷിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്.പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പേരും ബോര്‍ഡിന്റെ നിറവും മാറ്റാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. മലയാളത്തിലുളള ബോര്‍ഡ് പോലും വേണ്ടെന്ന് കേന്ദ്രം പറയുന്നു, അദ്ദേഹം രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.

Advertising
Advertising

പ്രാഥമിക കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ഉപകരണങ്ങളോ നല്‍കാന്‍ കേന്ദ്രം തയ്യാറല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ കേന്ദ്രത്തിന്റെ പേരും നിറവും ഭാഷയും മാറ്റുന്നത് കേന്ദ്രത്തിന്റെ ഹോബിയാണ്. 637 കോടി രൂപയാണ് കേന്ദ്രം ഇതിന്റെ പേരില്‍ തടഞ്ഞുവച്ചിരിക്കുന്നത്. എയിംസ് എന്ന ആവശ്യം ഇപ്പോഴും പരിഗണിച്ചിട്ടില്ല. ആശാ പ്രവര്‍ത്തകര്‍ക്കുളള ഇന്‍സെന്റീവ് വര്‍ദ്ധിക്കുന്ന കാര്യവും കേന്ദ്രം പരിഗണിക്കുന്നില്ല. വെറും 1200 മാത്രമാണ് ഇപ്പോഴത്തെ ഇന്‍സെന്റീവ്. കേരളമാണ് ഏറ്റവും കൂടുതല്‍ ഓണറേറിയം ആശാ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ചില കോണ്‍ഗ്രസ് എംപിമാര്‍ ഈ സത്യം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. ഇവര്‍ കേരളത്തില്‍ ബിജെപിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നു, വി.ശിവദാസൻ എം.പി വ്യക്തമാക്കി. അതേസമയം, കേന്ദ്രം കേരളത്തോട് തുടരുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും 600 കോടിയിലധികം നക്‍കാനുണ്ടെന്നും പിപി സുനീര്‍ വിമര്‍ശിച്ചു.

ആരോഗ്യമന്ത്രിയുമായി ആശമാർ ചർച്ച നടത്താനിരിക്കെയാണ് വി.ശിവദാസൻ എം.പി രാജ്യസഭയിൽ വിഷയം ഉന്നയിച്ചത്. രണ്ട് മണിക്ക് നടന്ന എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയരക്ടറുടെ നേതൃത്വത്തിലുള്ള ചർച്ച പരാജയപ്പെട്ടിരുന്നു. ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് ആശമാർ. നാളെ മുതൽ നിരാഹാര സമരം തുടരുമെന്നും ആശമാർ പറഞ്ഞു.

തങ്ങളുടെ ഡിമാൻഡുകൾ ഒന്നും അംഗീകരിച്ചില്ലെന്നും പണമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചതായി നേരത്തെ ചര്‍ച്ചക്ക് ശേഷം ആശമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമയം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജീവിക്കാൻ വേണ്ട ഏറ്റവും മിനിമം ചോദിക്കുമ്പോഴാണ് ഖജനാവിൽ പണമില്ല എന്ന് പറയുന്നത്. മറ്റ് പലർക്കും ലക്ഷങ്ങൾ കൊടുക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ട് ഖജനാവിൽ പണമില്ല എന്ന വാദം അംഗീകരിക്കാനാവില്ലെന്നും ആശമാര്‍ പറഞ്ഞു. ഓണറേറിയത്തിൻ മേലുള്ള മാനദണ്ഡങ്ങളെ പറ്റിയാണ് ചർച്ച ചെയ്തത്. ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം തുടരുമെന്ന് ആശമാര്‍ അറിയിച്ചിരുന്നു.

സെക്രട്ടറിയേറ്റ് പടിക്കൽ ആശമാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News