മന്ത്രി വി.ശിവന്‍കുട്ടിയും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച ഇന്ന്

പിഎം ശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായേക്കും

Update: 2025-11-10 04:31 GMT

ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാനുയുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തും. പിഎം ശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. എസ്എസ്കെ ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളാവും പ്രധാനചർച്ച.

രണ്ടുവർഷത്തിനുശേഷം എസ്എസ്കെ ഫണ്ട് 93 കോടി സംസ്ഥാനത്തിന് ലഭിച്ചിരുന്നു. കേരളം സമർപ്പിച്ച 109 കോടി രൂപയുടെ പ്രപ്പോസലിലാണ് ഈ തുക അനുവദിച്ചത്. നോൺ റക്കറിങ് ഇനത്തിൽ ഇനി കിട്ടാനുള്ളത് 17 കോടി രൂപ. വി​ദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള തുകയാണ് അനുവദിച്ചത്. ഭിന്നശേഷി വിദ്യാർഥികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ അധ്യാപകർ സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജി പരി​ഗണിക്കവേയാണ് തടഞ്ഞുവെച്ച എസ്എസ്കെ ഫണ്ട് കേരളത്തിന് നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്.

Advertising
Advertising

തങ്ങളുടെ താത്കാലിക നിയമനം സ്ഥിര നിയമനമായി അം​ഗീകരിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. നിലവിൽ കേരളത്തിലെ വിദ്യാഭ്യാസത്തിന് കേന്ദ്രം സഹായങ്ങളൊന്നും ചെയ്യുന്നില്ലെന്ന പരാതിയെ തുടർന്നാണ് എത്രയും പെട്ടെന്ന് എസ്എസ്കെ ഫണ്ട് കേന്ദ്രം നൽകുമെന്ന് അറിയിച്ചിരിക്കുന്നത്.

കുട്ടികൾക്ക് അവകാശപ്പെട്ടതാണ് എസ്എസ്കെ ഫണ്ടെന്ന് മന്ത്രി പറഞ്ഞു. കുടിശിഖ വൈകാതെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും അർഹമായ കേന്ദ്ര ഫണ്ട് ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും കഴിഞ്ഞദിവസം മന്ത്രി പറഞ്ഞു.

പിഎം ശ്രീയിൽ ഒപ്പുവെച്ചെങ്കിൽ മാത്രമേ എസ്എസ്കെ ഫണ്ട് അനുവദിക്കുകയുള്ളൂവെന്ന കടുത്ത പിടിവാശിയിലായിരുന്നു കേന്ദ്രം. പിഎം ശ്രീ പദ്ധതി മരവിപ്പിക്കുന്നകാര്യത്തിലും ചർച്ച നടന്നേക്കാം. നടപടികൾ പുരോഗമിക്കുകയാണെന്നും വൈകാതെ കത്ത് അയക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ നേരിട്ട് കാണുന്ന സാഹചര്യത്തിൽ ഇത് കൂടി ചർച്ചയാവും.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News