'പെൺകുട്ടിയുടെ മാസ്‌ക് ഉൾപ്പെടെ മുഖം പൊത്തിപ്പിടിച്ചു, ബോധരഹിതയായി'

വളാഞ്ചേരിയില്‍ 21കാരിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നും എന്തിനെന്നും പ്രതി പൊലീസിനോട്..

Update: 2021-04-21 08:34 GMT

വളാഞ്ചേരിയില്‍ 21കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അൻവറുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അൻവർ പൊലീസിന് മൊഴി നൽകി.

"പെണ്‍കുട്ടി സ്ഥിരമായി നടന്നുവരുന്ന ഇടവഴിയില്‍ വെച്ച് മാസ്‌ക് ഉൾപ്പടെ മുഖം പൊത്തിപ്പിടിച്ചു. അൽപ സമയത്തിനകം പെൺകുട്ടി ബോധരഹിതയായി നിലത്ത് വീണു. കുറച്ച് നേരം കൂടി മുഖം പൊത്തിപ്പിടിച്ച ശേഷം സമീപത്തെ പുൽക്കാട്ടിലേക്ക് കൊണ്ടുപോയി കിടത്തി. ശേഷം വീട്ടിൽ പോയി. മടങ്ങി വന്നപ്പോഴും അനക്കം ഇല്ലാതെ കിടന്ന പെൺകുട്ടിയെ ചാക്കിൽ കെട്ടി ഒളിപ്പിച്ചു. പിന്നീട് സ്വന്തം സ്ഥലത്ത് കൊണ്ടുപോയി മണ്ണിട്ട് മൂടി"- എന്നാണ് പ്രതിയുടെ മൊഴി. സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

Advertising
Advertising

സുബീറ ഫർഹത്ത് എന്ന 21കാരിയെ കാണാതായി 40 ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടിയെ കാണാതായപ്പോള്‍ തിരച്ചിലിൽ സജീവമായി പങ്കെടുത്തിരുന്നു അൻവർ. അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്ക് സംശയം തോന്നിയില്ല. സുബീറയുടെ തിരോധാനം പൊലീസിനെ ഏറെ കുഴക്കിയിരുന്നു. പെണ്‍കുട്ടി ജോലിസ്ഥലത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ തന്നെ ലഭിച്ചു. അതേസമയം സ്ഥിരമായി ബസ് കയറുന്ന സ്ഥലത്ത് എത്തിയിട്ടുമില്ല. അതുകൊണ്ടുതന്നെ വീടിന്‍റെ പരിസരത്തുവെച്ച് തന്നെ പെണ്‍കുട്ടിക്ക് എന്തോ അപകടം സംഭവിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. തുടര്‍ന്ന് പ്രദേശത്തെ പരിശോധന ഊര്‍ജിതമാക്കി. ക്വാറിയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ പ്രദേശത്തെ മണ്ണ് ഇളകിയ നിലയില്‍ കണ്ടെത്തിയതോടെയാണ് അന്‍വറിനെ പലതവണ ചോദ്യംചെയ്തത്. തുടര്‍ന്ന് മണ്ണ് മാറ്റിയുള്ള തെരച്ചിലില്‍ മൃതദേഹത്തിന്‍റെ കാല്‍ ഇന്നലെ കണ്ടെത്തി. രാത്രി ആയതിനാല്‍ മൃതദേഹം പൂര്‍ണമായി പുറത്തെടുത്തില്ല. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

മണ്ണിനടിയിൽ നിന്ന് അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ശാസ്ത്രീയ പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ വസ്ത്രത്തിൽ നിന്ന് ബന്ധുക്കൾ സുബീറ ഫർഹത്തിനെ തിരിച്ചറിയുകയായിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുക.


Full View


Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News