മർദനത്തിൽ ഞരമ്പുകൾ പൊട്ടി, തലയ്ക്ക് ക്രൂരമർദനമേറ്റു; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
അടിയേറ്റ് രക്ത ഞരമ്പുകൾ അടക്കം തകർന്നു, ഞരമ്പുകൾ പൊട്ടി ഒഴുകിയ ചോര ചർമത്തിൽ പടർന്നു പിടിച്ചെന്നും റിപ്പോർട്ടിൽ
തൃശൂർ: പാലക്കാട് വാളയാറിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ഛത്തീസ്ഗഡ് സ്വദേശി റാം നാരായണിന്റെ പോസ്റ്റമോർട്ടം റിപ്പോർട്ട് മീഡിയവണിന്. റാം നാരായണിന് വടികൊണ്ടേറ്റ മർദനത്തിൽ ഞരമ്പുകൾ പൊട്ടിയെന്ന് റിപ്പോർട്ടിൽ പറയുന്നു. തലയ്ക്ക് ക്രൂരമർദനമേറ്റു, അടിയേറ്റ് രക്ത ഞരമ്പുകൾ അടക്കം തകർന്നു, ഞരമ്പുകൾ പൊട്ടി ഒഴുകിയ ചോര ചർമത്തിൽ പടർന്നു പിടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, റാം നാരയൺ നേരിട്ടത് അതിക്രൂരമർദനമാണെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. തലയിലും മുഖത്തും വടിവച്ച് പലതവണ അടിച്ചെന്നും വയറിൽ പലതവണ ചവിട്ടിയെന്നുമാണ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
ഡിസംബർ 17 ബുധനാഴ്ചയാണ് 31കാരനായ റാം നാരായൺ ക്രൂരമായ അക്രമണം നേരിട്ടത്. കള്ളൻ എന്ന് ആരോപിച്ചാണ് പ്രതികൾ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടർന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ഒന്നുമുതൽ മൂന്നുവരെ പ്രതികളായ അനു, പ്രസാദ്, മുരളി എന്നിവർ മരകഷ്ണം ഉപയോഗിച്ച് ദേഹമാസകലം മർദിച്ചു. നാലാം പ്രതി വയറിൽ ചവിട്ടി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക.