'കാള പെറ്റെന്ന് കരുതി കയർ എടുക്കരുത്'; സുപ്രഭാതം മുഖപ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ്

രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് സൂക്ഷ്മമായി പരിശോധിച്ച് അഭിപ്രായം പറയും.

Update: 2023-12-31 08:02 GMT

കൊച്ചി: സമസ്ത മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിലെ മുഖപ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാള പെറ്റു എന്ന് കരുതി കയർ എടുക്കരുതെന്നും സുപ്രഭാതത്തിന്റെ എഡിറ്റോറിയൽ അപക്വവും തെറ്റായ നടപടിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

എന്നാൽ അത് തങ്ങളുടെ സംഘടനയുടെ നിലപാടല്ലെന്ന് ജിഫ്രി തങ്ങൾ വ്യക്തമായി പറഞ്ഞു. സമസ്തയുടെ നിലപാടല്ല. അപ്പോൾ അവിടെയും വോട്ട് കിട്ടാനായി സമസ്തയെ കൈകാര്യം ചെയ്യാമെന്ന സിപിഎമ്മിന്റെ ധാരണയും പാളിപ്പോയി. അതേസമയം, വിഷയത്തിൽ സാദിഖലി ഷിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞത് അഭിനന്ദാർഹമായ നിലപാടാണ്. അവരുടെ വാചകങ്ങൾ വളരെ സൂക്ഷ്മതയോടെയാണ്.

Advertising
Advertising

രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് സൂക്ഷ്മമായി പരിശോധിച്ച് അഭിപ്രായം പറയും. വിഷയത്തിൽ ഇതുവരെ കോൺഗ്രസ് തീരുമാനമെടുത്തിട്ടില്ല. ചർച്ച ചെയ്യേണ്ടേ. നാലാം തിയതി വർക്കിങ് കമ്മിറ്റി ചേരാൻ പോകുന്നതേയുള്ളൂ. ഇത്തരം വിഷയങ്ങൾ വരുമ്പോൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

സിപിഎമ്മിന് എന്താണ് ആലോചിക്കാനുള്ളത്. കേരളത്തിൽ ഇട്ടാവട്ടത്തുള്ള സിപിഎമ്മിന് ഇതൊന്നും നോക്കാനില്ലെന്നും സതീശൻ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ ക്ഷണം സ്വീകരിച്ച് കോൺ​ഗ്രസിൽ നിന്ന് സോണിയാ ​ഗാന്ധിയടക്കം പങ്കെടുക്കുമെന്ന നിലപാടിനെതിരെയാണ് സമസ്ത മുഖപത്രം വിമർശനവുമായി രം​ഗത്തെത്തിയത്.

പള്ളി പൊളിച്ചിടത്ത് കോണ്‍ഗ്രസ് കാലുവയ്ക്കുമോ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ സിപിഎമ്മെടുത്ത നിലപാടിനെ പുകഴ്ത്തുകയും ചെയ്തിരുന്നു. കോൺഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കിൽ 2024ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും മുഖപത്രത്തിൽ പറഞ്ഞിരുന്നു.

ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പറയാനുള്ള ആർജവം യെച്ചൂരിയും ഡി. രാജയും കാട്ടി. തകർക്കപ്പെട്ട മതേതര മനസുകൾക്ക് മുകളിലാണ് രാമക്ഷേത്രം നിർമിക്കുന്നതെന്നും സമസ്ത മുഖപത്രത്തിൽ കുറ്റപ്പെടുത്തി. രാജ്യത്തെ മതവൽക്കരിക്കാനുള്ള ബിജെപി ശ്രമത്തിൽ വീഴാതിരിക്കാൻ ഉള്ള ജാഗ്രത കോൺഗ്രസ് കാട്ടണം.

അല്ലെങ്കിൽ കോൺഗ്രസിൽ വിശ്വാസം അർപ്പിച്ചിട്ടുള്ള ന്യൂനപക്ഷങ്ങളും ദലിത് വിഭാഗക്കാരും മറ്റു രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറും എന്നും എഡിറ്റോറിയൽ മുന്നറിയിപ്പ് നൽകി. ഇത് വിവാദമായതോടെയാണ്, സുപ്രഭാതം പത്രത്തിലെ എഡിറ്റോറിയൽ സമസ്തയുടെ നിലപാട് അല്ലെന്ന പ്രതികരണവുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ രം​ഗത്തെത്തിയത്.


Full View



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News