മാധ്യമ പ്രവർത്തകയെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലായിരുന്നു: വി.ഡി സതീശന്‍

ഷിദയോട് സുരേഷ് ഗോപി മോശമായി പെരുമാറിയത് ടിവിയിലൂടെ കണ്ടുവെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു

Update: 2023-10-28 06:46 GMT
Editor : Jaisy Thomas | By : Web Desk

വി.ഡി സതീശന്‍

Advertising

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഷ്ട്രീയ പ്രവർത്തകരുടെ ഭാഗത്ത് മാത്രമല്ല ,ആരുടെയും ഭാഗത്ത് നിന്നും അത്തരം പെരുമാറ്റം ഉണ്ടാവാൻ പാടില്ല. അങ്ങിനെ ഉണ്ടാവുന്നത് പൂർണ്ണമായും തെറ്റാണെന്നും സതീശൻ പറഞ്ഞു.

ഷിദയോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്  ടിവിയിലൂടെ കണ്ടുവെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. സുരേഷ് ഗോപിയുടെ മുഖത്ത് സൗഹൃദത്തിനപ്പുറം മറ്റെന്തോ ആണ് കണ്ടത് . ആ ദൃശ്യം കണ്ടപ്പോൾ ഒരു സ്ത്രീയെന്ന നിലയിൽ വലിയ അപമാനമാണ് തോന്നിയത്. ഒരു മേയർ എന്ന നിലയിലും ഒരു സ്ത്രീയെന്ന നിലയിലും ശക്തമായി അപലപിക്കുന്നുവെന്നും കോഴിക്കോട് മേയർ മീഡിയവണിനോട് പറഞ്ഞു.

ഇന്നലെ കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളില്‍ വെച്ച കൈ അവർ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു. താന്‍ നേരിട്ട മോശം നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു. നിയമ നടപടി ഉള്‍പ്പെടെ എല്ലാ തുടർ നീക്കങ്ങള്‍ക്കും മീഡിയവണിന്‍റെ എല്ലാ പിന്തുണയും നല്‍കുമെന്ന് മാനേജിങ് എഡിറ്റർ സി.ദാവൂദ് അറിയിച്ചു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്കുമെന്നും സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയന്‍ ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News