കിറ്റെക്‌സ് കേരളം വിടുന്നതില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് വി.ഡി സതീശന്‍

എറണാകുളം ജില്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനാണ് കമ്പനി മാനേജ്‌മെന്റ് ശ്രമിച്ചത്. ട്വന്റി ട്വന്റി ഇല്ലായിരുന്നുവെങ്കില്‍ എല്‍.ഡി.എഫ് എറണാകുളത്ത് നാണം കെട്ടുപോയേനെ എന്ന സി.പി.എം ജില്ലാ കമ്മറ്റിയുടെ വിശകലനം ഇത് ശരിവെ്ക്കുന്നു.

Update: 2021-07-12 11:40 GMT

കിറ്റെക്‌സ് കേരളം വിടുന്നതില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കമ്പനി തമിഴ് നാട്ടിലേക്ക് പറിച്ചു നടും എന്ന് കമ്പനിയുടമകള്‍ പറഞ്ഞപ്പോള്‍ മന്ത്രിയായിരുന്ന കെ.ബാബുവിനെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ചുമതലപ്പെടുത്തി. അദ്ദേഹം നിരവധി പ്രാവശ്യം ഇരുകൂട്ടരുമായും സംസാരിച്ച് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി. അത്തരം ഒരു സമീപനം ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരാതി നല്‍കിയത് കടമ്പ്രയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ടാണ്. അതില്‍ മലിനീകരണനിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയതായി അറിവില്ല. കമ്പനി ആരോപിക്കുന്ന എല്ലാ പരിശോധനകളും നടന്നിട്ടുള്ളത് സി.പിഎമ്മിന്റെ അറിവോടെയാണ്.

Advertising
Advertising

എറണാകുളം ജില്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനാണ് കമ്പനി മാനേജ്‌മെന്റ് ശ്രമിച്ചത്. ട്വന്റി ട്വന്റി ഇല്ലായിരുന്നുവെങ്കില്‍ എല്‍.ഡി.എഫ് എറണാകുളത്ത് നാണം കെട്ടുപോയേനെ എന്ന സി.പി.എം ജില്ലാ കമ്മറ്റിയുടെ വിശകലനം ഇത് ശരിവെ്ക്കുന്നു. എങ്കിലും കമ്പനി പൂട്ടിപ്പോകരുത് എന്നാണ് കോണ്‍ഗ്രസ് നിലപാട്. പിന്നീട് കിറ്റെക്‌സ് മാനേജ്‌മെന്റും സി.പി.എം നേതൃത്വവും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. അത് കോണ്‍ഗ്രസിന്റെ തലയില്‍ ആരും കെട്ടിവയ്ക്കണ്ട. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഒറ്റ ദിവസം കൊണ്ട് തീരുന്ന പ്രശ്‌നം മാത്രമാണിതെന്നും വി.ഡി സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News