വഖഫിൽ നിലപാട് പറഞ്ഞത് എല്ലാവരുമായി കൂടിയാലോചിച്ച്; സംഘ്പരിവാറിന്റെ കെണിയിൽ വീഴരുത്: വി.ഡി സതീശൻ

മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകളുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിച്ചതെന്ന് സതീശൻ വ്യക്തമാക്കി.

Update: 2024-12-09 11:05 GMT

കൊച്ചി: മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച് നിലപാട് പറഞ്ഞത് എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വിഷയത്തിൽ തർക്കത്തിനില്ല. സംഘ്പരിവാറിന്റെ കെണിയിൽ വീഴാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണം. മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകളുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിച്ചത്. മുസ്‌ലിം-ഹിന്ദു-ക്രിസ്ത്യൻ സംഘർഷത്തിലേക്ക് കടക്കാതിരിക്കാനാണ് ശ്രമിച്ചതെന്നും സതീശൻ പറഞ്ഞു.

മുനമ്പം വഖഫ് ഭൂമിയല്ലെന്ന സതീശന്റെ നിലപാട് തള്ളി ലീഗിൽ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. കെ.എം ഷാജിയാണ് കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തിൽ മുനമ്പം വഖഫ് ഭൂമിയാണെന്ന് പറഞ്ഞത്. പിന്നാലെ എം.കെ മുനീറും അതേ നിലപാടുമായി രംഗത്തെത്തി. എന്നാൽ വൈകിട്ട് മാധ്യമങ്ങളെ കണ്ടെ പി.കെ കുഞ്ഞാലിക്കുട്ടി സാദിഖലി തങ്ങൾ പറഞ്ഞതാണ് പാർട്ടി നിലപാടെന്നും ആരും പാർട്ടിയാകാൻ നോക്കേണ്ടന്നും വ്യക്തമാക്കി.

Advertising
Advertising

ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട സാദിഖലി തങ്ങൾ മുനമ്പം വഖഫ് ഭൂമിയാണോ എന്ന ചർച്ചയല്ല നടക്കേണ്ടതെന്നും അവിടെ നടക്കുന്ന വർഗീയ ധ്രുവീകരണ ശ്രമങ്ങളെ പ്രതിരോധിക്കാനുള്ള നീക്കമാണ് ഉണ്ടാവേണ്ടത് എന്നും വ്യക്തമാക്കി. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. തൊട്ടുപിന്നാലെ ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട ഇ.ടി മുഹമ്മദ് ബഷീർ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഇടത് സർക്കാർ നിയോഗിച്ച കമ്മീഷൻ തന്നെ കണ്ടെത്തിയതാണെന്നും കെ.എം ഷാജി പറഞ്ഞത് വസ്തുതയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News