'ഇടതുകയ്യിലെ ഒലീവ് ചില്ല വീണുപോകാതെ നോക്കണെ': ഇടുക്കിയിലെ വേദിയിൽ യാസര്‍ അറഫാത്തിനെ ഓർമ്മിപ്പിച്ച് വേടൻ
വേടന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിലും വൈറലായി. നിരവധി കുറിപ്പുകളാണ് യാസർ അറഫാത്തിനെക്കുറിച്ചും അദ്ദേഹത്തിന്റെ പോരാട്ടങ്ങളെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ വരുന്നത്
ഇടുക്കി: സർക്കാറിന്റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ നടത്തിയ സംഗീത പരിപാടിയിൽ ശ്രദ്ധ നേടി റാപ്പർ വേടന്റെ വാക്കുകൾ. ഫലസ്തീൻ വിമോചന പോരാളി യാസർ അറഫാത്തിന്റെ വാക്കുകളാണ് വേടൻ ഓർമിപ്പിച്ചത്.
'എന്റെ ഇടതുകയ്യിലെ ഒലീവിന്റെ ചില്ല വീണുപോയല്ലോ...എന്റെ വലതുകയ്യിലെ യന്ത്ര തോക്കിൻ തിരയും തീർന്നല്ലോ എന്ന വരികളിലൂടെയാണ് വേടൻ സദസ്സിനെ ഉണര്‍ത്തിയത്. ഈ വാക്കുകള്‍ നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്നും വേടന്‍ ചോദിക്കുന്നുണ്ട്. യാസർ അറഫാത്തിന്റെ വാക്കുകളാണിതെന്നും കേട്ടിട്ടുണ്ടോ യാസർ അറഫാത്തിനെ എന്നും വേടന്‍ ചോദിക്കുന്നു. യാസർ അറഫാത്തിന്റെ പേര് പറഞ്ഞപ്പോഴേക്കും കാണികള്‍ ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു.
ഐക്യരാഷ്ട്ര സഭയിലെ ചർച്ചയിൽ യാസർ അറഫാത്ത് പറഞ്ഞ വാക്കുകളും വേടൻ പരാമർശിച്ചു. ''തന്റെ ഇടതുകയ്യില്‍ ഒരു ഒലീവിന്റെ ചില്ലയും തന്റെ വലതുകയ്യില്‍ സ്വാതന്ത്യസമര സേനാനിയുടെ-പോരാളിയുടെ കലോഷ്നികോവ് യന്ത്രത്തോക്കുകളുമാണുള്ളത്. തന്റെ ഇടതുകയ്യിലെ ഒലീവ് ചില്ല വീണുപോകാതെ നിങ്ങൾ നോക്കണേ എന്ന വാക്കുകളാണ് വേടൻ പറഞ്ഞത്. തന്റെ ഇടതുകയ്യിലെ ഒലീവ് ചില്ല വീണുപോകാതെ നിങ്ങൾ നോക്കണേ എന്ന് മൂന്ന് വട്ടം 'വേടന്‍ ശൈലിയില്‍' പറയുകയും ചെയ്തു. ജനങ്ങൾ ഹർഷാരവത്തോടെയാണ് വേടന്റെ വാക്കുകളെ സ്വീകരിച്ചത്.
അതേസമയം വേടന്റെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിലും വൈറലായി. നിരവധി കുറിപ്പുകളാണ് യാസർ അറഫാത്തിനെക്കുറിച്ചും അദ്ദേഹത്തിന്റെ പോരാട്ടങ്ങളെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ വരുന്നത്. പുതുതലമുറക്ക് യാസർ അറഫാത്ത് ആരായിരുന്നുവെന്ന് അറിയാനും അദ്ദേഹത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനും വേടന്റെ വാക്കുകൾ ഉപകരിക്കുമെന്നാണ് ചിലർ കുറിക്കുന്നത്. ചിലർ യാസർ അറഫാത്തിനെക്കുറിച്ച് കുറിപ്പുകൾ പങ്കുവെക്കുകയും ചെയ്തു.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലായിരുന്നു വേടന്റെ പരിപാടി. ഉദ്ഘാടന ദിവസമായ 29 ന് വേടന്റെ പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 28ന് കഞ്ചാവ് കേസില്‍ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. പിന്നാലെ പുലിപ്പല്ല് കേസും വന്നു. സിപിഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയില്‍ പരിപാടി അവതരിപ്പിക്കാന്‍ വേടന് വേദി നല്‍കാന്‍ തീരുമാനിച്ചത്.