സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്‌സിനേഷന്‍ 90 ശതമാനം കടന്നു: മന്ത്രി വീണ ജോര്‍ജ്
സംസ്ഥാനത്ത് ഡെങ്കി 2 ന്റെ വകഭേദമില്ലെന്നും മന്ത്രി പറഞ്ഞു
സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്‌സിനേഷന്‍ 90 ശതമാനം കടന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. വാക്‌സിനെടുക്കാന്‍ ആരും വിമുഖത കാണിക്കരുതെന്നും കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തീവ്രത കടന്നുവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊതുപരിപാടികള്‍ നിയന്ത്രണങ്ങളോടെ മാത്രമേ നടത്താവൂ. ജനങ്ങള്‍ സാമൂഹിക കൂടിച്ചേരലുകള്‍ ഒഴിവാക്കണം. സംസ്ഥാനത്ത് ഡെങ്കി 2 ന്റെ വകഭേദമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ തീവ്രത കൂടിയ രോഗമാണ് ഡെങ്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും തമ്മില്‍ കൂടിയാലോചന നടത്തുമെന്നും മന്ത്രി അറിയിച്ചു.
സിറോ സര്‍വെയ്‌ലന്‍സ് പഠനം ഈ മാസാവസാനത്തോടെ പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ ആര്‍ടിപിസിആര്‍ പരിശോധന കൂട്ടിയിട്ടുണ്ട്, മന്ത്രി പറഞ്ഞു. ഒന്നാം ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം പേര്‍ക്കും നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ വിദഗ്ധ സമിതി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ടിപിആര്‍ ഒഴിവാക്കിയതെന്നും മന്ത്രി പറഞ്ഞു.