വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവന; സർക്കാർ ഒളിച്ചുകളി കേരളം മനസിലാക്കുന്നു - പി.മുജീബുറഹ്മാൻ

‘കാന്തപുരം സർക്കാറിൽ അവിഹിത സ്വാധീനം ചെലുത്തുന്നുവെന്ന വെള്ളാപ്പള്ളിയുടെ ആരോപണ​ത്തിന്റെ വസ്തുത പൊതുസമൂഹത്തോട് സിപിഎമ്മും സർക്കാറും തുറന്നുപറയണം’ ജമാഅത്തെ ഇസ്‍ലാമി കേരള അമീർ

Update: 2025-07-21 05:06 GMT

പി. മുജീബുറഹ്മാൻ

കോഴിക്കോട്: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാഗത്തുനിന്ന് മുസ്‌ലിം സമുദായത്തിനെതിരെ തുടർച്ചയായുണ്ടാകുന്ന വംശീയ പ്രസ്താവനകൾ വിവിധ മത, സാമൂഹ്യ വിഭാഗങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ വഴിയൊരുക്കുന്നതാണെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി.മുജീബുറഹ്മാൻ.

കേരളം കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന സാഹോദര്യത്തിനും സൗഹൃദാന്തരീക്ഷത്തിനും ഇത് വലിയ പരിക്കേല്പിക്കും. പ്രകോപനപരമായ പ്രസ്താവനകളിൽനിന്ന് കേരളത്തിലെ മുഴുവൻ നേതാക്കളും വിട്ടുനിൽക്കണം. സർക്കാറിൽ അവിഹിത സ്വാധീനം ചെലുത്തുന്നുവെന്ന് ആരോപിച്ചാണ് മത പണ്ഡിതനായ കാന്തപുരം അബൂബക്കർ മുസ്‍ല്യാരെ വെള്ളാപ്പള്ളി അധിക്ഷേപിച്ചത്. ഇതിന്റെ വസ്തുത പൊതുസമൂഹത്തോട് തുറന്നുപറയാൻ സിപിഎമ്മും സർക്കാറും തയാറായിട്ടില്ല. വർഗീയ പ്രസ്താവനയെ ശരിവച്ച മന്ത്രി വാസവനെയും സിപിഎം തള്ളിപ്പറഞ്ഞിട്ടില്ല. ഈ വിഷയത്തിൽ ഇടതുസർക്കാർ നടത്തുന്ന ഒളിച്ചുകളി കേരളത്തിന് മനസ്സിലാകുന്നുണ്ട്.

Advertising
Advertising

ഒളിഞ്ഞും തെളിഞ്ഞും സിപിഎം കേരളത്തിൽ നടപ്പാക്കുന്ന ഈ വർഗീയ ധ്രുവീകരണ രാഷ്ട്രീയം നമ്മുടെ നാടിന്റെ സ്വാസ്ഥ്യം തകർക്കാൻ മാത്രമേ ഉപകരിക്കൂ. സിപിഎമ്മിന്റെ അധികാര തുടർച്ചയേക്കാൾ പ്രധാനമാണ് നമ്മുടെ നാടിന്റെ സൗഹൃദാന്തരീക്ഷമെന്നും പി.മുജീബുറഹ്മാൻ പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം

എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്റെ ഭാഗത്തുനിന്ന് തുടർച്ചയായി മുസ്‌ലിം സമുദായത്തെയും മലപ്പുറത്തെയും വംശീയമായി അധിക്ഷേപിക്കുന്ന പ്രസ്താവനകൾ വന്നുകൊണ്ടിരിക്കുന്നു. കേരളം കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന സാഹോദര്യത്തിനും സൗഹൃദാന്തരീക്ഷത്തിനും വലിയ പരിക്കേല്പിക്കുന്നതും വിവിധ മത, സാമൂഹ്യ വിഭാഗങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ വഴിയൊരുക്കുന്നതുമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇത്തരം പ്രകോപനപരമായ പ്രസ്താവനകളിൽനിന്ന് കേരളത്തിലെ മുഴുവൻ മത സമുദായ നേതാക്കളും വിട്ടുനിൽക്കേണ്ടതുണ്ട്.

എല്ലാ ജനവിഭാഗങ്ങൾക്കും സാമൂഹികനീതി ലഭ്യമാവുകയെന്നത് നാമെല്ലാം ആഗ്രഹിക്കുന്ന കാര്യമാണ്. അതിൽ ഭരണകൂട വിവേചനങ്ങൾ പലപ്പോഴായി സംഭവിച്ചിട്ടുമുണ്ട്. ദലിത് സമുദായം മുതൽ ന്യൂനപക്ഷ സമുദായങ്ങൾ വരെ ഇത്തരം വിവേചനങ്ങളുടെ ഇരകളാണ്. തന്റെ സമുദായം വിവേചനം നേരിടുന്നുവെന്നതാണ് ശ്രീ വെള്ളാപ്പള്ളിയുടെ പ്രശ്നമെങ്കിൽ, അതിന് ഇന്ത്യയിലുടനീളം ഭരണകൂട വേട്ടയ്ക്കും സാമൂഹിക വിവേചനത്തിനും ഇരയാകുന്ന സഹോദര സമുദായത്തെ കടന്നാക്രമിക്കലല്ല പരിഹാരം. സർക്കാർ സത്യസന്ധമായ പരിശോധന നടത്തി, സംവരണമുൾപ്പടെയുള്ള വിഷയങ്ങൾ സമുദായ പ്രാതിനിധ്യ സ്വഭാവത്തിൽ ഓഡിറ്റ് ചെയ്യട്ടെ. അതിൽ നീതിയോടൊപ്പം കേരളത്തിലെ എല്ലാ സാമൂഹ്യ ജനവിഭാഗങ്ങളുമുണ്ടാകും. എന്നാൽ, അതിനപ്പുറം ഒരു സമുദായത്തെ മുൻനിർത്തി കേരളത്തിലെ സാമൂഹ്യാന്തരീക്ഷം വഷളാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് ഗുരുദർശനങ്ങളോട് തന്നെയുള്ള കടുത്ത വെല്ലുവിളിയാണ്.

ഈ വിഷയത്തിൽ ഇടതുപക്ഷ സർക്കാർ നടത്തുന്ന ഒളിച്ചുകളി കേരളത്തിന് മനസ്സിലാകുന്നുണ്ട്. രാഷ്ട്രീയലാഭം മാത്രം മുന്നിൽ കണ്ടുകൊണ്ട് സി.പി.എം നടത്തുന്ന ഈ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് കേരളം വലിയ വില നൽകേണ്ടിവരും. ശ്രീ വെള്ളാപ്പള്ളിയുടെ ആദ്യ വർഗീയ പ്രസ്താവനക്ക് ശേഷം മുഖ്യമന്ത്രി അദ്ദേഹത്തെ ആദരിച്ചു, ആശീർവദിച്ചു. മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ വീണ്ടുമദ്ദേഹം ഒരു സമുദായത്തിന് നേരെ ഹീനമായ വംശീയ അധിക്ഷേപവും വർഗീയ പ്രസ്താവനയും നടത്തി. ഇതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ നിലപാടിനെ ശരിവെക്കുംവിധം മന്ത്രി വാസവനും വെള്ളാപ്പള്ളിക്ക് അംഗീകാരപത്രം നൽകി. വർഗീയ പ്രസ്താവനക്ക് അംഗീകാരം നൽകിയ ഭരണകർത്താക്കളുടെ സമീപനത്തെ തള്ളിപ്പറയാൻ ഇനിയും സി പി എം തയാറായിട്ടില്ല. സർക്കാറിൽ അവിഹിത സ്വാധീനം ചെലുത്തുന്നുവെന്ന് ആരോപിച്ചാണ് മത പണ്ഡിതനായ ബഹു. കാന്തപുരം അബൂബക്കർ മുസ്‍ല്യാർക്കെതിരെ ശ്രീ വെള്ളാപ്പള്ളി വർഗീയാധിക്ഷേപം നടത്തിയത്. ഇതിന്റെ വസ്തുത പൊതുസമൂഹത്തോട് തുറന്നുപറയാനും സി പി എമ്മും സർക്കാറും തയാറായിട്ടില്ല.

ഒളിഞ്ഞും തെളിഞ്ഞും സി.പി.എം കേരളത്തിൽ നടപ്പാക്കുന്ന ഈ വർഗീയ ധ്രുവീകരണ രാഷ്ട്രീയം നമ്മുടെ നാടിന്റെ സ്വാസ്ഥ്യം തകർക്കാൻ മാത്രമേ ഉപകരിക്കൂ. സി.പി.എമ്മിന്റെ അധികാര തുടർച്ചയേക്കാൾ പ്രധാനമാണ് നമ്മുടെ നാടിന്റെ സൗഹൃദാന്തരീക്ഷം. ആത്യന്തികമായി സി.പി.എമ്മിനെതന്നെ രാഷ്ട്രീയമായി ക്ഷയിപ്പിക്കുന്ന പ്രതിലോമനിലപാടാണിതെന്ന് ഭാവിചരിത്രം വിധിയെഴുതുകതന്നെ ചെയ്യും.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News