വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍റെ മാതാവ് ഷെമിയുടെ മൊഴിയെടുക്കും

ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് ആശുപത്രിയിൽ എത്തിയത്

Update: 2025-02-26 09:36 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതി അഫാന്‍റെ മാതാവ് ഷെമിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്. ആരോഗ്യനില തൃപ്തികരമെങ്കിൽ നാളെ മൊഴിയെടുക്കും. വെഞ്ഞാറമൂട് എസ്എച്ച്ഒ ചികിത്സയിലുള്ള ഷമിയുടെ മെഡിക്കൽ രേഖകൾ പരിശോധിക്കും. ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് ആശുപത്രിയിൽ എത്തിയത്.

അതേസമയം കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കടക്കെണിയിലും കുടുംബത്തിന്‍റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചെന്നും അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കിയതായും പൊലീസ് പറയുന്നു.

Advertising
Advertising

വരുമാനം നിലച്ചിട്ടും അഫാൻ ആഡംബര ജീവിതം തുടർന്നു. ഇതടക്കമുള്ള കാര്യങ്ങളാണ് പ്രാഥമികമായ മൊഴിയെടുപ്പിൽ പൊലീസ് കണ്ടെത്തിയത്. പിതാവിന്‍റെ ബാധ്യത തീർത്ത് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചു. ബുള്ളറ്റ് ഉള്ളപ്പോൾ മറ്റൊരു ബൈക്ക് അഫാൻ വാങ്ങിയത് ബന്ധുക്കൾക്ക് എതിർത്തു. ഇത് അടക്കമുള്ള കാര്യങ്ങളിൽ അഫാന് ബന്ധുക്കളോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് കരുതുന്നു. കടക്കാരുടെ ശല്യവും ബന്ധുക്കളുടെ എതിർപ്പും കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്കുള്ള തീരുമാനത്തിലെത്തിച്ചു.

എന്നാൽ ആത്മഹത്യാശ്രമത്തിൽ ആരെങ്കിലും രക്ഷപ്പെട്ടാൽ അവർ ഒറ്റപെടുമെന്നും സമൂഹത്തിൽ ക്രൂശിക്കപ്പെടുമെന്ന ബോധ്യമാണ് എല്ലാവരെയും കൊലപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് അഫാനെ എത്തിച്ചതെന്നാണ് പ്രാഥമികമായി പൊലീസ് പറയുന്നത്. ഫർസാനയുടെ സ്വർണവും അഫാൻ പണയം വെച്ചിരുന്നു. ഇക്കാര്യങ്ങളൊന്നും പുറത്തറിയാതിരിക്കാനാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്നും അഫാൻ മൊഴി നൽകി. പൊലീസ് മൊഴി പൂർണമായി വിശ്വസിച്ചിട്ടില്ല. ചികിത്സയിൽ കഴിയുന്ന അഫാന്റെ മാതാവ് ഷെമിയുടെ മൊഴിയെടുത്ത ശേഷം മാത്രമേ കൂടുതൽ വ്യക്തത വരൂ. രണ്ടുപേരുടെയും മൊഴി നാളെ രേഖപ്പെടുത്താനാണ് സാധ്യത.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News