വെറുപ്പ് ഉത്പാദനത്തിൻ്റെ ഇരകൾ നിരപരാധികൾ; പ്രബുദ്ധതയുടെ വ്യാജ പ്രതീതിക്കേറ്റ കനത്ത പ്രഹരമാണ് വാളയാർ ആൾക്കൂട്ടക്കൊല: പി. മുജീബുറഹ്മാൻ
നിരന്തരം വെറുപ്പ് ഉത്പാദിപ്പിച്ച് താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ, സാമൂഹിക നേതൃത്വത്തിനും അതിൽ അഭിരമിക്കുന്ന പൊതുസമൂഹത്തിനും നൽകുന്ന വലിയൊരു താക്കീതാണിത്.
കോഴിക്കോട്: വെറുപ്പ് ഉത്പാദനത്തിൻ്റെ ഇരകൾ നിരപരാധികളായ മനുഷ്യരാണെന്നും വടക്കേ ഇന്ത്യക്കെന്ന് കരുതി നാം മാറ്റിവച്ച പൈശാചികത കേരളത്തിലും എത്തിയിരിക്കുന്നതായും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. കേരളത്തിൽ, മലയാളികളാൽ അതിഥി തൊഴിലാളിയായ രാം നാരായൺ ഭയ്യാർ ആൾക്കൂട്ടക്കൊലയ്ക്ക് വിധേയമായിരിക്കുന്നു. പ്രബുദ്ധതയെ സംബന്ധിച്ച വ്യാജ പ്രതീതിക്കേറ്റ കനത്ത പ്രഹരമാണ് ഈ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
കൊലപാതകത്തിലേക്ക് നയിച്ച വെറുപ്പാണ് ഈ മാഹാപാപത്തിന് ഉത്തരവാദി. കുറച്ചു കാലമായി പരസ്പരമുള്ള വെറുപ്പിനെ ഊതിക്കാച്ചുകയാണ് നമ്മുടെ സമൂഹനേതൃത്വം. അപരനെ വെറുക്കാൻ പഠിപ്പിച്ചുകഴിഞ്ഞാൽ സത്യം, നീതി, ധാർമികത, യുക്തി ഇതിനൊന്നും വിലയേയില്ല. മനുഷ്യ ബുദ്ധിക്ക് കണ്ണും കാതും നഷ്ടപ്പെടുന്നു. ബംഗ്ലാദേശുകാരനാണെങ്കിൽ അവനെ വെറുക്കാൻ പഠിപ്പിക്കുക, പിന്നെ വെറുക്കപ്പെടേണ്ടവരെയെല്ലാം ബംഗ്ലാദേശിയായി കാണുക. വാളയാറിലും സംഭവിച്ചത് അതാണ്- രാം നാരായൺ ഭയ്യാറിൻ്റെ പവിത്രമായ മനുഷ്യരക്തമാണ് ഭൂമിയിൽ ചിന്തിയത്.
നിരന്തരമായി വെറുപ്പ് ഉത്പാദിപ്പിച്ച് താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ, സാമൂഹികനേതൃത്വത്തിനും അതിൽ അഭിരമിക്കുന്ന പൊതുസമൂഹത്തിനും നൽകുന്ന വലിയൊരു താക്കീതാണിത്. വംശീയവും വർഗീയവും സാമുദായികവും പ്രാദേശികവുമായ വിദ്വേഷ പ്രചാരണത്തെ നോർമലൈസ് ചെയ്തും സാധാരണമായി കണ്ടും മുന്നോട്ടുപോകുന്നെങ്കിൽ അരാജകമായ ഭാവിയാണ് കേരളത്തെ കാത്തിരിക്കുന്നത്. അതിന് മുമ്പേ, മനുഷ്യ സ്നേഹത്തിൻ്റെയും അപരപ്രിയത്തിൻ്റേതുമായ ചിറകെട്ടി നല്ല മൂല്യങ്ങൾ ചോർന്നുപോവാതിരിക്കാൻ നാം വലിയ ശ്രദ്ധ പുലർത്തേണ്ടതായി വരും- അദ്ദേഹം കുറിച്ചു.