വിജയ് ബാബു ആവശ്യപ്പെട്ടു, 'അമ്മ' എക്സിക്യുട്ടീവില്‍ നിന്ന് ഒഴിവാക്കി

നിരപരാധിത്വം തെളിയുന്നതുവരെ കമ്മിറ്റിയില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കുന്നതായി വിജയ് ബാബു സമര്‍പ്പിച്ച കത്ത് കമ്മിറ്റി അംഗീകരിച്ചെന്ന് 'അമ്മ'

Update: 2022-05-01 15:40 GMT
Advertising

കൊച്ചി: താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടീവില്‍ നിന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ ഒഴിവാക്കി. വിജയ് ബാബു ആവശ്യപ്പെട്ട പ്രകാരമാണ് നടപടിയെന്ന് സംഘടന വ്യക്തമാക്കി. എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

"തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്‍റെ നിരപരാധിത്വം തെളിയുന്നതുവരെ കമ്മിറ്റിയില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കുന്നതായി വിജയ് ബാബു സമര്‍പ്പിച്ച കത്ത് കമ്മിറ്റി അംഗീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു" എന്നാണ് യോഗത്തിന് ശേഷം അമ്മ ജനറല്‍ സെക്രട്ടറു ഇടവേള ബാബു അറിയിച്ചത്.

ഇന്ന് വൈകിട്ടാണ് അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നത്. പീഡന ആരോപണത്തിൽ വിജയ് ബാബുവിന്‍റെ വിശദീകരണം സംഘടന തേടിയിരുന്നു. വിജയ് ബാബുവിന്റെ വിശദീകരണം അംഗങ്ങളെ അറിയിച്ച ശേഷമാണ് നടപടി ചർച്ച ചെയ്തത്.

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി സ്വമേധയാ അന്വേഷണം നടത്തിയിരുന്നു. ബുധനാഴ്ച ചേർന്ന ഐ.സി.സി യോഗത്തിൽ തയ്യാറാക്കിയ റിപ്പോര്‍ട്ടും സംഘടനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വിജയ് ബാബുവിനെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യമാണ് ഐ.സി.സി മുന്നോട്ട് വെച്ചത്. ശ്വേതാ മേനോനാണ് ഐ.സി.സിയുടെ ചെയര്‍പേഴ്സണ്‍. മാലാ പാര്‍വതി, കുക്കു പരമേശ്വരന്‍, രചന നാരായണന്‍കുട്ടി, തുടങ്ങിയവരാണ് ഐ.സി.സി അംഗങ്ങള്‍.

നടി പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ വിജയ് ബാബു രാജ്യം വിട്ടിരുന്നു. വിജയ് ബാബുവിനെതിരെ പൊലീസ് ഇതിനകം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. വിജയ് ബാബുവിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News