പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം; പുനലൂര്‍-ചെങ്കോട്ട പാതയില്‍ 'വിസ്താഡോം കോച്ച്' എത്തുന്നു

ദക്ഷിണ റെയില്‍വേയില്‍ ആദ്യമായാണ് വിസ്താഡോം കോച്ചുകള്‍ എത്തുന്നത്

Update: 2026-10-19 06:14 GMT

File Pic

തിരുവനന്തപുരം: പ്രകൃതിരമണീയമായ പുനലൂര്‍-ചെങ്കോട്ട പാതയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അത്യാധുനിക വിസ്താഡോം (വശങ്ങളില്‍ ഗ്ലാസ് ഘടിപ്പിച്ച ബോഗികള്‍) ടൂറിസ്റ്റ് കോച്ചുമായി റെയില്‍വേ. മധുര-ഗുരുവായൂര്‍ (16327), ഗുരുവായൂര്‍ -മധുര (16328) എക്‌സ്പ്രസിലാണ് ഈ കോച്ചുകള്‍ ഏര്‍പ്പെടുത്തുന്നത്. ദക്ഷിണ റെയില്‍വേയില്‍ ആദ്യമായാണ് വിസ്താഡോം കോച്ചുകള്‍ എത്തുന്നത്.

ഒക്ടോബര്‍ 22 മുതല്‍ 2027 ജനുവരി 16 വരെയാണ് നിശ്ചിത ദിവസങ്ങളില്‍ വിസ്താഡോം കോച്ച് ഉള്‍പ്പെടുത്തിയുള്ള സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ കാലയളവിലെ വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മധുരയില്‍നിന്ന് യാത്ര ആരംഭിക്കുന്ന മധുര-ഗുരുവായൂര്‍ എക്സ്പ്രസാണ് വിസ്താഡോം കോച്ചുമായി ഓടുക. വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഗുരുവായൂരില്‍നിന്ന് യാത്ര ആരംഭിക്കുന്ന ഗുരുവായൂര്‍-മധുര എക്‌സ്പ്രസിലും വിസ്താഡോം കോച്ചുകളുണ്ടാകും. 

Advertising
Advertising

 

വലിയ ഗ്ലാസ് ജനലുകളും മേല്‍ക്കൂരയിലടക്കം ഗ്ലാസ് പാനലുകളുമുള്ള കോച്ചുകളില്‍ വന്ദേഭാരത് എക്സിക്യൂട്ടിവ് കോച്ച് മാതൃകയില്‍ 180 ഡിഗ്രി തിരിക്കാന്‍ കഴിയുന്ന സീറ്റുകളാണുള്ളത്. കോച്ചിന്റെ പിന്‍ഭാഗത്ത് കാഴ്ചകള്‍ തടസ്സമില്ലാതെ കാണാന്‍ പ്രത്യേക ഒബ്സര്‍വേഷന്‍ ഡെക്കും വലിയ ഗ്ലാസ് വിന്‍ഡോയും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നുകൊണ്ടും കാഴ്ചകളാസ്വദിക്കാം. സാധാരണ ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും പിറകിലാകും കോച്ചിന്റെ സ്ഥാനം. തേര്‍ഡ് എസിയുടെ നിരക്കാണ് ഈ കോച്ചിനും. വിസ്താഡോമിന്റെ അടിസ്ഥാന നിരക്ക് 515 രൂപയും മുഴുവന്‍ ദൂരത്തേക്കും ആകെ നി രക്ക് 1875 രൂപയുമാണ്. റിസര്‍വേഷനുകള്‍ 'ഇവി' എന്ന ക്ലാസ് കോഡിന് കീഴില്‍ ആരംഭിച്ചിട്ടുണ്ട്. 

 

പശ്ചിമഘട്ടത്തിന്റെ മലനിരകളും പച്ചപ്പാര്‍ന്ന കാടുകളും താഴ്വരകളും തുരങ്കങ്ങളും വളവുകളുമെല്ലാം നിറഞ്ഞ ചെങ്കോട്ട-പുനലൂര്‍ റെയില്‍വേ പാത വിസ്താഡോം യാത്രയ്ക്ക് ഏറെ അനുയോജ്യമാണ്. ചെങ്കോട്ടയ്ക്കും പുനലൂരിനും ഇടയിലുള്ള മലമ്പാതയിലെ പ്രകൃതിദൃശ്യങ്ങള്‍ യാത്രക്കാര്‍ക്ക് വ്യത്യസ്തമായൊരു അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News