'അയാളെന്നെ ചവിട്ടിക്കൂട്ടി, ആത്മഹത്യ ചെയ്യാനുള്ള ധൈര്യം എനിക്കില്ലടീ..'; ഷാർജയിൽ മരിച്ച അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്

അതുല്യയെ ഭര്‍ത്താവ് സതീശിന് സംശയമായിരുന്നുവെന്നും അയല്‍വാസി മീഡിയവണിനോട് പറഞ്ഞു

Update: 2025-07-20 04:23 GMT
Editor : Lissy P | By : Web Desk

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്. ഭർത്താവിൽ നിന്ന് ഏറ്റ ക്രൂരതകൾ വിശദീകരിക്കുന്നതാണ് ശബ്ദ സന്ദേശം.'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തത് കൊണ്ട് ചെയ്യാനാകുന്നില്ലെന്നും അതുല്യ ഫോൺ സന്ദേശത്തിൽ പറയുന്നു.

'താഴെക്കിടക്കുമ്പോൾ ചവിട്ടിക്കൂട്ടി. സഹിക്കാൻ വയ്യ. അനങ്ങാൻ വയ്യ, വയറെല്ലാം ചവിട്ടി,ഇത്രയെല്ലാം കാണിച്ചിട്ടും അയാളുടെ കൂടെ നില്‍ക്കേണ്ട അവസ്ഥയാണ്. പറ്റുന്നില്ലെടീ..ആത്മഹത്യ ചെയ്യാന്‍ പോലുമുള്ള ധൈര്യം എനിക്കില്ല'. കരഞ്ഞുകൊണ്ട് അതുല്യ പറയുന്നു.ഈ സന്ദേശമടക്കമുള്ള  ഡിജിറ്റൽ തെളിവുകൾ കുടുംബം പൊലീസിന് കൈമാറി.

Advertising
Advertising

അതേസമയം, അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അയൽവാസി ബേബി പറഞ്ഞു.സതീഷ് ക്രൂരമായി പീഡിപ്പിച്ച കൊലപ്പെടുത്തിയതാകും.അവസാനം നാട്ടിൽ വന്നപ്പോഴും ഏറ്റ ക്രൂര ഉപദ്രവങ്ങളെക്കുറിച്ച് അതുല്യ തന്നോട് പറഞ്ഞതായും ബേബി മീഡിയവണിനോട് പറഞ്ഞു. 'കടുത്ത മദ്യപാനിയാണ് സതീഷ്. മദ്യപിച്ച് കഴിഞ്ഞാല്‍ അതുല്യയെ വല്ലാതെ ഉപദ്രവിക്കും. കൂടാതെ അതുല്യയെ വല്ലാതെ സംശയമായിരുന്നു.വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് കല്യാണം നടത്തിയത്'.. അയൽവാസി ബേബി പറഞ്ഞു. ബന്ധം ഉപേക്ഷിക്കാന്‍ നിരവധി തവണ അതുല്യയോട് പറഞ്ഞിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാല്‍ സതീഷ് അതുല്യയുടെ വീണ് മാപ്പ് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുമെന്നും അവര്‍ പറയുന്നു.

ഇന്നലെയാണ് ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ അതുല്യയെ മരിച്ച നിലയിൽ കണ്ടത്. വീട്ടുകാരുടെ പരാതിയില്‍ സതീശിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകകുറ്റം ചുമത്തിയാണ് കേസ്. അതുല്യയെ ഭര്‍ത്താവ് സതീഷ് മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും കുടുംബം പുറത്ത് വിട്ടിരുന്നു. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീധന പീഡനം, ശാരീരിക പീഡനം തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തിയാണ് എഫ്. ഐ.ആർ. മകൾ ഒരു കാരണവശാലും ആത്മഹത്യചെയ്യില്ലെന്ന് അച്ഛൻ രാജശേഖരൻ പിള്ള പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News