എന്തെങ്കിലും ചെയ്തുപോകും, അതിനു കാരണം സെക്രട്ടറി മാത്രമായിരിക്കും; ജീവനൊടുക്കിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ ശബ്ദസന്ദേശം പുറത്ത്
അവധി അപേക്ഷ നിരസിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം
പ്രിയങ്ക
കോഴിക്കോട്: കോഴിക്കോട് ആത്മഹത്യചെയ്ത ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രിയങ്കയുടെ ശബ്ദസന്ദേശം പുറത്ത്. താൻ എന്തെങ്കിലും ചെയ്താൽ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയാണെന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു.
അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തെന്നും പ്രിയങ്ക പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് 26കാരിയായ പ്രിയങ്കയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ അവധി അപേക്ഷ നിരസിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.
പഞ്ചായത്തിൽ അവധിക്ക് അപേക്ഷിച്ചിട്ട് അവധി നൽകിയില്ലെന്ന് പറയുന്ന കുറിപ്പ് കിടപ്പുമുറിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ജനുവരിയിൽ രാജിവെക്കാനിരുന്ന തന്നോട് മാർച്ചിൽ അവധി തരാമെന്ന് ഭീഷണിപ്പെടുത്തുംപോലെ പറഞ്ഞെന്ന് കത്തിലുണ്ട്. മാർച്ചിൽ അവധി ചോദിച്ചപ്പോൾ 23 മുതൽ എടുത്തോയെന്നും ഇപ്പോൾ ചോദിച്ചപ്പോൾ അവധി തരില്ലെന്നും പറയുന്നതെന്നാണ് കുറിപ്പ്.