പാലക്കാട് പുതുക്കോട് ഗ്രാമപഞ്ചായത്തിലും വോട്ട്ചോരി; തെരുവ് വാർഡിൽ നിന്നും 62 പേരുടെ വോട്ട് വെട്ടിമാറ്റി
ഒഴിവാക്കിയവരില്‍ കന്നിവോട്ടര്‍മാരുമുണ്ട്
പാലക്കാട്: പാലക്കാട് ജില്ലയിലെ പുതുക്കോട് ഗ്രാമപഞ്ചായത്തിലും വോട്ട് ചോരി. തെരുവ് വാർഡിൽ നിന്നും 62 പേരുടെ വോട്ടുകളാണ് വെട്ടിമാറ്റിയത്. കന്നിവോട്ടർമാരുടെയുംപല തവണയായി വോട്ടു ചെയ്തവരുടെയും ഉൾപ്പെടെ വോട്ടുകൾ വെട്ടിയെന്നാണ് പരാതി.
തെരുവ് വാർഡിൽ നിന്ന് 62 പേരുടെ വോട്ട് വെട്ടിമാറ്റി. രണ്ട് ദിവസം മുമ്പ് വൈകിട്ട് അഞ്ചുമണി വരെ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നു. എന്നാൽ പിന്നീട് പേര് ഡിലീറ്റ് ചെയ്തതായാണ് കാണുന്നതെന്ന് വോട്ടർമാർ പറയുന്നു.
പുതുതായി താമസിക്കുന്ന വീടിന്റെ നമ്പറും കരമടച്ച രസീതുമടക്കം പഞ്ചായത്ത് സെക്രട്ടറിക്ക് ഹാജരാക്കിയിരുന്നുവെന്നും വോട്ടർമാർ പറയുന്നു.ഓരോ തവണയും ഓരോ കാരണങ്ങൾ പറഞ്ഞാണ് സെക്രട്ടറി തിരിച്ചയക്കുന്നതെന്നും പരാതിയുണ്ട്.
എന്നാൽ വാർഡിൽ നിന്ന് 62 പേരെ വെട്ടിമാറ്റിയവ വിവരം താൻ അറിഞ്ഞിട്ടില്ലെന്നാണ് തെരുവ് വാർഡ് അംഗം പറയുന്നത്. ദിവസവും പഞ്ചായത്തിൽ പോകുന്ന ആളായിട്ടു പോലും ഇക്കാര്യം ഒരിക്കൽ പോലും സെക്രട്ടറി തന്നോട് പറഞ്ഞില്ലെന്നും വാര്‍ഡ് അംഗം പറയുന്നു.
ഒരു കാരണവുമില്ലാതെയാണ് തങ്ങളുടെ വോട്ടുകള്‍ വെട്ടിമാറ്റിയതെന്നും ഇത് പുനഃസ്ഥാപിക്കണമെന്നുമാണ് വോട്ടര്‍മാരുടെ ആവശ്യം. അതേസമയം, ആളുകള്‍ക്ക് പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.